ദുബായ്: ഏകദിന ലോകകപ്പിന് മുമ്പ് ഇതുപോലൊരു തുടക്കം ഏതൊരു ടീമും ആഗ്രഹിക്കും. പാകിസ്താനെതിരായ അഞ്ച് ഏകദിനവും തൂത്തുവാരിയാണ് ഓസീസിന്റെ മുന്നേറ്റം. അവസാന ഏകദിനത്തില്‍ 20 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. തുടര്‍ച്ചയായി എട്ടു ഏകദിനങ്ങളിലാണ് ഓസീസ് പരാജയമറിയാതെ കുതിക്കുന്നത്. 

328 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാകിസ്താന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സെഞ്ചുറിയുമായി ഹാരിസ് സുഹൈലും അര്‍ധ സെഞ്ചുറികളുമായി ഇമാദ് വസീമും ഷാന്‍ മസൂദും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയതീരം കാണാനായില്ല. 

129 പന്തില്‍ 11 ഫോറും മൂന്നു സിക്‌സുമടക്കമായിരുന്നു ഹാരിസിന്റെ 130 റണ്‍സ്. ഓപ്പണര്‍ ഷാന്‍ 54 പന്തില്‍ 50 റണ്‍സ് അടിച്ചപ്പോള്‍ ഇമാദ് വസീം 34 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ഫോറും ഒരു സിക്‌സും ഇമാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 44 പന്തില്‍ 43 റണ്‍സോടെ ഉമര്‍ അക്മലും തന്റെ റോള്‍ ഭംഗിയാക്കി. എട്ടു ഓവറില്‍ 63 റണ്‍സ് വഴങ്ങി ബെഹ്‌റെന്‍ഡോര്‍ഫ് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ക്ലാസ് ഇന്നിങ്‌സുകളാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഉസ്മാന്‍ ഖ്വാജയും ആരോണ്‍ ഫിഞ്ചും 134 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഉസ്മാന്‍ ഖ്വാജ 111 പന്തില്‍ 98 റണ്‍സ് നേടിയപ്പോള്‍ ഫിഞ്ച് 69 പന്തില്‍ 53 റണ്‍സ് നേടി. 

ഷോണ്‍ മാര്‍ഷ് 61 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 70 റണ്‍സും അടിച്ചെടുത്തു. 33 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സ്‌കിസും സഹിതമായിരുന്നു മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഇതോടെ അവസാന പത്ത് ഓവറില്‍ ഓസീസ് നേടിയത് 107 റണ്‍സാണ്. പാകിസ്താനായി ജുനൈദ് ഖാന്‍ മൂന്നു വിക്കറ്റും ഉസ്മാന്‍ ഷിന്‍വാരി നാല് വിക്കറ്റും വീഴ്ത്തി. 

Content Highlights: Australia sweeps Pakistan 5-0 in ODI series