ബ്ലൂംഫോണ്ടെയിന്‍: രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റ് വിജയവുമായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് പന്ത് ശേഷിക്കെ വിജയതീരത്തെത്തി.

139 പന്തില്‍ 129 റണ്‍സ് അടിച്ച ജനെമന്‍ മലന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയുടെ വിജയമൊരുക്കിയത്. 51 റണ്‍സെടുത്ത ഹെയ്ന്റിച്ച് ക്ലാസനും 41 റണ്‍സ് നേടിയ ജെജെ സ്മട്ട്‌സും മലന് പിന്തുണ നല്‍കി. ഡേവിഡ് മില്ലര്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഏകദിനത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മലന്‍ പുറത്തായിരുന്നു. ഇതോടെ ഏകദിനത്തില്‍ ഒരിന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന അരങ്ങേറ്റ താരമെന്ന നാണക്കേടും മലന്റെ പേരിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയുമായി മലന്‍ മനോഹരമായി തിരിച്ചുവന്നു.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചിന്റേയും ഡാര്‍സി ഷോര്‍ട്ടിന്റേയും മികവിലാണ് ഓസ്‌ട്രേലിയ 271 റണ്‍സ് അടിച്ചെടുത്തത്‌. ഫിഞ്ച് 87 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ 83 പന്തില്‍ നിന്നായിരുന്നു ഷോര്‍ട്ടിന്റെ 69 റണ്‍സ്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മികച്ച ബൗളിങ് പുറത്തെടുത്തു. 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് എന്ഡഗിഡി വീഴ്ത്തിയത്. 

Content Highlights: Australia suffer six wicket defeat in second ODI as South Africa win series