മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പ് നടക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത നീക്കം. കോവിഡിനു ശേഷം മത്സരങ്ങള്‍ പുനഃരാരംഭിക്കുമ്പോള്‍ 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയങ്ങളില്‍ 10,000 പേരെ വരെ പ്രവേശിപ്പിക്കാമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ സ്ഥിതി മെച്ചപ്പെട്ടാല്‍ ഒക്ടോബര്‍  നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ട്വന്റി 20 ലോകകപ്പിന് ഈ തീരുമാനം അനുകൂലമാകും. ജൂലായ് മുതല്‍ ഇത്തരത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി അറിയിച്ചത്. ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐ.സി.സി ഇനിയും തീരുമാനമെടുത്തിട്ടില്ല. ജൂലായില്‍ ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ നീക്കം.

അതേസമയം 40,000-ന് മുകളില്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വലിയ സ്റ്റേഡിയങ്ങളായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്നി, അഡ്ലെയ്ഡ് ഓവല്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.  ഈ സ്‌റ്റേഡിയങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് ഇനിയും സമയം ആവശ്യമാണ്. വലിയ സ്റ്റേഡിയങ്ങള്‍ തുറന്നു കൊടുത്താല്‍ 10,000-ന് മുകളില്‍ കാണികള്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടാന്‍ സാധ്യതയുള്ളതിനാലാണ് ഇപ്പോള്‍ തീരുമാനമെടുക്കാത്തതെന്നും സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കി.

Content Highlights: Australia set to welcome limited crowds at stadiums Chances of T20 World Cup improves