പെര്‍ത്ത്: കളിയിൽ പുറത്തായതിന്റെ അരിശം ഡ്രസ്സിങ് റൂമിന്റെ ചുമരില്‍ ഇടിച്ചു തീര്‍ത്ത  ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് കൈയ്ക്ക് പരിക്കേറ്റു. ബൗള്‍ ചെയ്യേണ്ട വലതു കൈയ്ക്ക് തന്നെയാണ് പരിക്ക്.

ഞായറാഴ്ച ഷെഫീല്‍ഡ് ഷീല്‍ഡില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയയും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകന്‍ കൂടിയാണ് മാര്‍ഷ്. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ മാര്‍ഷ് ജാക്‌സണ്‍ ബേഡിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി തികച്ച ഉടനെയായിരുന്നു പുറത്താകല്‍. മത്സരം സമനിലയിലാണ് കലാശിച്ചത്.

ഇതില്‍ ക്ഷുഭിതനായിരുന്നു മാര്‍ഷ്. ഇതിന്റെ അരിശമാണ് ഡ്രസ്സിങ് റൂമിന്റെ ചുമരില്‍ കൈകൊണ്ട് ഇടിച്ചു തീര്‍ത്തത്. പരിക്കേറ്റ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ഷിന്റെ കൈ സ്‌കാനിങ്ങിന് വിധേയമാക്കി. വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാവൂവെന്ന് ടീം അധികൃതര്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച വിക്‌ടോറിയക്കെതിരേയാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ഇതില്‍ മാര്‍ഷിന് കളിക്കാനാവുമോ എന്ന കാര്യം വ്യക്തമല്ല. ഈ മത്സരത്തില്‍ കളിക്കാനായില്ലെങ്കില്‍ നവംബര്‍ 21ന് ബ്രിസ്‌ബെയ്‌നില്‍ ആരംഭിക്കാനിരിക്കുന്ന പാകിസ്താനെതിരായ ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടാന്‍ മാര്‍ഷിന് ബുദ്ധിമുട്ടാകും. ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഉജ്വല പ്രകടനമായിരുന്നു മാര്‍ഷ് പുറത്തെടുത്തത്.

Content Highlights: Australia's Mitchell Marsh Punches Dressing Room Wall Injures Hand Western Australia