മെല്‍ബണ്‍: അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല, മൂന്നാം ആഷസ് ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കി ഓസ്‌ട്രേലിയ. ഇന്നിങ്‌സിനും 14 റണ്‍സിനുമാണ് ഓസീസിന്റെ വിജയം. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-0 ന് സ്വന്തമാക്കി. ഒപ്പം ആഷസ് പരമ്പര നിലനിര്‍ത്തുകയും ചെയ്തു. സ്‌കോര്‍: ഇംഗ്ലണ്ട് 185, 68, ഓസ്‌ട്രേലിയ 267

വെറും മൂന്ന് ദിവസം കൊണ്ടാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. മൂന്നാം ദിനം നാലിന് 31 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാരെ നിലയുറപ്പിക്കുംമുന്‍പ് ഓസീസ് ബൗളര്‍മാര്‍ പുറത്താക്കി. ഓസീസ് പേസ് പടയുടെ മാരകബൗളിങ്ങിനു മുന്നില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ വിയര്‍ത്തു. വെറും 68 റണ്‍സിന് ടീം ഓള്‍ ഔട്ടായി. 

ആറുവിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ താരം സ്‌കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബോളണ്ട് ആറുവിക്കറ്റ് സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നുവിക്കറ്റെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ വെറും രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. നാലുപേര്‍ അക്കൗണ്ട് തുറക്കും മുന്‍പ് മടങ്ങി. 

ബോളണ്ടിന്റെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനം റെക്കോഡ് ബുക്കില്‍ ഇടം നേടി. അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ബോളണ്ട് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ തന്നെ ചാള്‍സ് ടര്‍ണറുടെ റെക്കോഡാണ് ബോളണ്ട് ഭേദിച്ചത്. 1887-ല്‍ ഇംഗ്ലണ്ടിനെതിരേ 15 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ചാള്‍സിന്റെ പ്രകടനം ഇതോടെ പഴങ്കഥയായി.

ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. രണ്ടാം ഇന്നിങ്‌സില്‍ വെറും 27.4 ഓവറിലാണ് ഇംഗ്ലീഷ് പട ഓള്‍ ഔട്ടായത്. 1904 ന് ശേഷം ഓസ്‌ട്രേലിയയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 185 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 267 റണ്‍സിന് പുറത്താക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മികവ് കാണിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. മത്സരത്തിലാകെ ഏഴുവിക്കറ്റ് വീഴ്ത്തിയ ബോളണ്ടാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യ രണ്ട് ടെസ്റ്റിലും ഓസ്‌ട്രേലിയ വലിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. 

പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ജനുവരി അഞ്ചിന് സിഡ്‌നിയില്‍ വെച്ച് നടക്കും. 

Content HIghlights: Australia retain the Ashes after thrashing England to take 3-0 series lead