മെല്‍ബണ്‍: ഇന്ത്യയ്ക്കും, ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടിട്വന്റി പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓസീസ് ടീമിലെ പ്രധാന ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓസ്‌ട്രേലിയ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടാണ് ഇവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ അറിയിച്ചു. ഇവര്‍ക്കൊപ്പം പീറ്റര്‍ സിഡിലിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. തിരക്കേറിയ സീസണായതിനാല്‍ ഇവര്‍ക്ക് വിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ മാര്‍ക്കസ് സ്റ്റോയിനിസും ജേസണ്‍ ബെഹറന്‍ഡോര്‍ഫും സ്ഥാനം പിടിച്ചിട്ടുണ്ട്. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് പാകിസ്താനെതിരേ യു.എ.ഇ യില്‍ നടന്ന ടിട്വന്റി മത്സരത്തില്‍ സ്റ്റോയിനിസ് കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒന്നും ഇന്ത്യയ്‌ക്കെതിരേ മൂന്നും ടിട്വന്റി മത്സരങ്ങളാണ് ഓസീസ് കളിക്കുക. 


ഓസ്‌ട്രേലിയന്‍ ടീം  

ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്‌സ് കാരി, ആഷ്ടണ്‍ അഗര്‍, ജേസണ്‍ ബെഹറന്‍ഡോര്‍ഫ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലെയ്ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, ആദം സാമ്പ.

Content Highlights: australia rest starc lyon marsh for south africa and india t20