കാന്‍ബറ: മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് ഓസീസ് ക്രിക്കറ്റ് ടീം. 

പന്തു ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ഇതോടെ ഓസീസ് ക്രിക്കറ്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

ശ്രീലങ്കയ്ക്കെതിരേ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയ ഇരുപതുകാരന്‍ ബാറ്റ്‌സ്മാന്‍ വില്‍ പുകോവ്‌സ്‌കിയെയാണ് മാനസിക പ്രശ്നങ്ങളെ തുടര്‍ന്നു ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിക്കാതെയാണ് പുകോവ്‌സ്‌കിയുടെ മടക്കം. വിദഗ്ദ ചികിത്സകള്‍ക്കായി താരം ഉടന്‍ തന്നെ മെല്‍ബണിലേക്ക് മടങ്ങും. നേരത്തെ മാനസിക പ്രശ്നങ്ങളെ തുടര്‍ന്നു രണ്ടു മാസത്തോളം ചികിത്സയ്ക്കു വിധേയനായ താരം ഇക്കഴിഞ്ഞ ഡിസംബറിലാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.

താരത്തെ ഇപ്പോഴും ചില മാനസിക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ ടീം ഡോക്ടര്‍ റിച്ചാര്‍ഡ് ഷോ വ്യക്തമാക്കി. അതിനാല്‍ തന്നെ തുടര്‍ ചികിത്സകള്‍ക്കായിട്ടാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. രണ്ട് വര്‍ഷത്തോളമായി പുകോവ്‌സ്‌കിയുടെ മാനസിക നിലയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ ആരോഗ്യത്തോടെ കളിക്കളത്തിലേക്കു തിരിച്ചെത്താന്‍ തക്ക എല്ലാവിധ പിന്തുണയും പുകോവ്‌സ്‌കിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയും താരത്തിന്റെ കൗണ്ടി ടീമായ വിക്ടോറിയയും നല്‍കുമെന്നും റിച്ചാര്‍ഡ് ഷോ കൂട്ടിച്ചേര്‍ത്തു.

Content Highlights: australia release will pucovski from test squad due to mental health issues