Photo: twitter.com
ബെംഗളൂരു: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്ട്രേലിയക്ക് അശ്വിന്‍പേടി. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിനെ എതിരിടാന്‍ പ്രത്യേക പരിശീലനവുമായി ഓസീസ് താരങ്ങള്‍. ബെംഗളൂരുവിലാണ് ടീമിന്റെ പരിശീലനം. വ്യാഴാഴ്ച നാഗ്പുരിലാണ് നാലുമത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
സ്പിന്നില്‍ ഇന്ത്യയുടെ കുന്തമുനയായ അശ്വിനെ എതിരിടാന്‍ താരത്തിന്റെ ശൈലിയില്‍ പന്തെറിയുന്ന 21-കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ നെറ്റ്സിലെ പരിശീലനത്തിന് ഉപയോഗിക്കുന്നത്. അശ്വിന്റെ ബൗളിങ്ങിനോട് ഏറെ സാമ്യമുണ്ട് മഹേഷ് പിത്തിയക്ക്.
മഹേഷ് ബൗള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് ഓസ്ട്രേലിയ താരത്തെ ബംഗളൂരുവിലെ കെ.എസ്.സി.എ. ഗ്രൗണ്ടിലെ ക്യാമ്പിലേക്ക് വിളിപ്പിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബറോഡയ്ക്കുവേണ്ടി കഴിഞ്ഞ ഡിസംബറില്‍ കളിച്ച മഹേഷ് അശ്വിന്റെ ആരാധകന്‍കൂടിയാണ്. നെറ്റ്സില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പന്തെറിയുന്ന ഗുജറാത്തുകാരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നേരത്തേ, നിത്യചെലവിനായി ചായക്കച്ചവടം നടത്തുകയായിരുന്നു മഹേഷിന്റെ ജോലി.
'ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരേ നെറ്റ്സില്‍ ബൗള്‍ ചെയ്യാനായത് ഭാഗ്യമാണ്. സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരേയാണ് ബൗള്‍ ചെയ്തത്. അദ്ദേഹം എന്റെ ബൗളിങ് രീതിയെ അഭിനന്ദിച്ചു. ആര്‍. അശ്വിന്റെ ബൗളിങ്ങില്‍നിന്നാണ് ഞാന്‍ തന്ത്രങ്ങള്‍ പഠിച്ചത്' -മഹേഷ് പിത്തിയ പറഞ്ഞു.
വിവിധ സ്റ്റേഡിയങ്ങളിലെ പിച്ചുകള്‍കൂടി ഒരുക്കിയാണ് ഓസ്ട്രേലിയ പരിശീലനം നടത്തുന്നത്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ആയിരിക്കും ഓസ്ട്രേലിയക്ക് വലിയ പരീക്ഷണമായേക്കുക.
പരിശീലനത്തിനിറങ്ങി ജഡേജ
ന്യൂസീലന്‍ഡിനെതിരായ ഏകദിന, ട്വന്റി 20 ക്രിക്കറ്റുകളില്‍ പരമ്പരനേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരിക്കില്‍നിന്ന് മുക്തനായ രവീന്ദ്ര ജഡേജ പരിശീലനത്തിനിറങ്ങിയത് ഇന്ത്യക്ക് ആശ്വാസമാണ്. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നീ മുതിര്‍ന്ന താരങ്ങളും ടീമിലെത്തി. നാഗ്പുരിലാണ് ഇന്ത്യയുടെ പരിശീലനം. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ ജസ്പ്രീത് ബുംറയും കാറപകടത്തില്‍ പരിക്കേറ്റ ഋഷഭ് പന്തും ടീമിലില്ലാത്തത് ഇന്ത്യയ്ക്ക് ക്ഷീണമാണ്.
Content Highlights: Australia practice with Mahesh Pithiya who has an eerie resemblance to R Ashwin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..