സിഡ്‌നി: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സംഭവബഹുലമായി തുടരുകയാണ്. സ്‌റ്റോക്‌സിന്റെ വിക്കറ്റിലിടിച്ച പന്തിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു വാര്‍ത്ത പുറത്തുവന്നു. 

നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കമന്ററി ബോക്‌സിലേക്ക് നിനച്ചിരിക്കാതെ വലിയൊരു അതിഥി കയറിവന്നു. കൈയ്യില്‍ മൈക്കും പിടിച്ച് ഇയര്‍ഫോണ്‍ അണിഞ്ഞുകൊണ്ട് ആ അതിഥി ക്രിക്കറ്റ് കമന്ററി പറയാനാരംഭിച്ചു. സിഡ്‌നിയിലെ കമന്ററി ബോക്‌സിലെത്തിയത് സാക്ഷാല്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണായിരുന്നു. 

മോറിസണിന്റെ വരവ് ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ അമ്പരപ്പാണ് സമ്മാനിച്ചത്. കമന്ററി ബോക്‌സില്‍ ആദം ഗില്‍ക്രിസ്റ്റിനും ഇഷ ഗുഹയ്ക്കുമൊപ്പം സമയം ചെലവഴിച്ച മോറിസണ്‍ മഗ്രാത്ത് ഫൗണ്ടേഷന് 40 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 200 കോടി രൂപ) ധനസഹായവും വാഗ്ദാനം ചെയ്തു. 

മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്തിന്റെ കീഴില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച രോഗികളെയും വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളെയും സഹായിക്കാനായി ആരംഭിച്ച സംഘടനയാണ് മഗ്രാത്ത് ഫൗണ്ടേഷന്‍. മഗ്രാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മോറിസണ്‍ കളികാണാനായി എത്തിയത്. മത്സരത്തില്‍ വെള്ളയും പിങ്കും നിറമുള്ള ജഴ്‌സിയണിഞ്ഞ് ഓസീസ് ടീം മഗ്രാത്ത് ഫൗണ്ടേഷന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

' മഗ്രാത്ത് ഫൗണ്ടേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഗ്രാത്തിനൊപ്പം സര്‍ക്കാരും കൈകോര്‍ക്കുന്നു. അതിഥികളായി കളിക്കാനെത്തുന്ന എല്ലാ ക്രിക്കറ്റ് ടീമുകളും മഗ്രാത്ത് ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നു. അത് വലിയ നേട്ടമാണ്' - മോറിസണ്‍ പറഞ്ഞു. ഇതാദ്യമായല്ല മോറിസണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുന്നത്. 2019-ല്‍ ശ്രീലങ്കയ്‌ക്കെതിരായ പരിശീലന മത്സരത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ എന്ന ടീമിനെ മോറിസണ്‍ അണിയിച്ചൊരുക്കിയിരുന്നു. അന്ന് വാട്ടര്‍ ബോയിയായി ഗ്രൗണ്ടിലെത്തി അദ്ദേഹം ആരാധകരെ ഞെട്ടിച്ചു. 

Content Highlights: Australia PM Scott Morrison turns commentator during Ashes; shares mic with Adam Gilchrist, Isa Guha