മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലെ പരാജയത്തില്‍ നിരാശ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍.
ബാറ്റിങ്ങ് ഓര്‍ഡറില്‍ പ്രശ്‌നങ്ങളുണ്ടെന്നും മെല്‍ബണിലെ എട്ടു വിക്കറ്റിന്റെ തോല്‍വിയില്‍ നിന്ന് തിരിച്ചുവരണമെങ്കില്‍ അത് മറികടക്കേണ്ടതുണ്ടെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
''ശരിയാണ്, ഞങ്ങള്‍ നിരാശരാണ്. കളിയുടെ മിക്കവാറും സമയം മോശം ക്രിക്കറ്റാണ് ഞങ്ങള്‍ കളിച്ചത്. എല്ലാ ക്രെഡിറ്റും ഇന്ത്യയ്ക്കാണ്. അവര്‍ ബാറ്റിങ്ങിലായാലും ഫീല്‍ഡിലായാലും ഞങ്ങളെ പിഴവുകള്‍ വരുത്തുന്നതിലേക്കെത്തിച്ചു. ഒരു മികച്ച ടീമിനെതിരേ നിങ്ങള്‍ക്ക് പിഴവുകള്‍ സംഭവിച്ചുപോയാല്‍ അതിന് വില കൊടുക്കേണ്ടി വരും.'' - പെയ്ന്‍ പറഞ്ഞു.
1988-89 കാലത്തിനു ശേഷം ആദ്യമായാണ് നാട്ടില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിക്കാതിരിക്കുന്നത്. ബാറ്റിങ്ങില്‍ മാത്രമല്ല നിര്‍ണായകമായ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി ഫീല്‍ഡിലും ഓസീസ് മോശം ഫോമിലായിരുന്നു.
മത്സരത്തില്‍ ഉടനീളം തങ്ങളെ സമ്മര്‍ദത്തിലാക്കിയ ഇന്ത്യന്‍ ബൗളര്‍മാരെ പെയ്ന്‍ അഭിനന്ദിക്കുകയും ചെയ്തു.
Content Highlights: Australia played poor cricket says Tim Paine disappointed