ഓവല്‍: പാകിസ്താനെതിരായ അഞ്ചാം ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് 57 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നേടിയ 369 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന് 312 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും എല്ലാവരും പുറത്തായി. 

ബാറ്റിങ് നിരയില്‍  ബാബര്‍ അസം സെഞ്ചുറിയും ഷര്‍ജീല്‍ ഖാന്‍ 79 ഉം റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും പിറകെ വന്നവരില്‍ ഉമര്‍ അക്മലിന് (46) ഒഴികെ മറ്റുള്ളവര്‍ക്കൊന്നും പിടിച്ച് നില്‍ക്കാനായില്ല.

 

രണ്ട് റണ്‍ അകലത്തില്‍ ലോക റെക്കോഡ് നഷ്ടപ്പെട്ട ഡേവിഡ് വാര്‍ണര്‍- ട്രാവിസ് ഹെഡ് ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയ ഏകദിനത്തിലെ അവരുടെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

284 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത്. ശ്രീലങ്കയുടെ സനത് ജയസൂര്യയും തരംഗയും ചേര്‍ന്ന് 2006ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റണ്‍സ് എന്ന റെക്കോഡാണ് ഇവര്‍ക്ക് രണ്ടു റണ്‍ അകലത്തില്‍ നഷ്ടമായത്. 41.3 ഓവര്‍ ബാറ്റ് ചെയ്താണ് ഇവര്‍ ഈ കൂറ്റന്‍ സ്‌കോര്‍ നേടിയത്. വാര്‍ണര്‍ 128 പന്തില്‍ നിന്ന് 179 ഉം ഹെഡ് 137 പന്തില്‍ നിന്ന് 129 ഉം റണ്‍സെടുത്തു.

42-ാം ഓവറില്‍ വാര്‍ണറെ ബാബര്‍ അസം ജുനൈദ് ഖാന്റെ കൈയിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ടിന് കടിഞ്ഞാണ്‍ വീണത്. അഞ്ച് സിക്‌സും 19 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. ഹെഡിനെ അഷര്‍ അലിയും മടക്കി.

തുടര്‍ന്നു വന്നവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. സ്മിത്ത് നാലും മാക്‌സ്‌വെല്‍ 13 ഉം വെയ്ഡ് എട്ടും റണ്‍സെടുത്തു പുറത്തായി.

വാര്‍ണറുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനെതിരെ നേടിയ 178 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ ഫിഞ്ചും മാര്‍ഷും ചേര്‍ന്ന് നേടിയ 246 റണ്‍സിന്റെ റെക്കോഡാണ് വാര്‍ണറും ഹെഡും ചേര്‍ന്ന് ഭേദിച്ചത്.

അഞ്ച് ഏകദിനങ്ങളുള്ള പരമ്പര നേരത്തെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഒന്നാം ഏകദിനത്തില്‍ 92 റണ്‍സിനും മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനും നാലാം ഏകദിനത്തില്‍ 86 റണ്‍സിനുമാണ് അവര്‍ വിജയിച്ചത്. മെല്‍ബണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മാത്രമാണ് പാകിസ്താന് വിജയിക്കാനായത്.