Photo: twitter.com/ICC
ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി ഓസ്ട്രേലിയ. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്താനെ തകര്‍ത്താണ് ഓസ്ട്രേലിയ സെമി ഫൈനലില്‍ ഇടം നേടിയത്.
119 റണ്‍സിനാണ് ഓസീസ് പാക് പടയെ മുട്ടുകുത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറില്‍ 276 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വെറും 157 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഏഴിന് 276. പാകിസ്താന് 35.1 ഓവറില്‍ 157 ന് പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വേണ്ടി മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ ടീഗ് വൈലി 97 പന്തുകളില്‍ നിന്ന് 71 റണ്‍സെടുത്ത് ടോപ് സ്കോററായി. 64 റണ്‍സെടുത്ത കോറി മില്ലറും 47 റണ്‍സ് നേടിയ ഓപ്പണര്‍ കാംപെല്‍ കെല്ലാവെയും മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്താന് വേണ്ടി നായകന് ഖാസിം അക്രം മൂന്ന് വിക്കറ്റെടുത്തു.
277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പോലും വിജയപ്രതീക്ഷ നിലനിര്‍ത്താനായില്ല. 29 റണ്‍സെടുത്ത വാലറ്റക്കാരന് മെഹ്റാന് മുംതാസാണ് പാക് ടീമിന്റെ ടോപ് സ്കോറര്‍. ഓസീസിനായി വില്യം സാല്‍സ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
സെമിയില്‍ ഇന്ത്യയോ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശോ ആയിരിക്കും ഓസ്ട്രേലിയയുടെ എതിരാളി. ആദ്യ സെമിയില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്താനെ നേരിടും.
Content Highlights: Australia outclass Pakistan to reach Super League semi-final of under 19 world cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..