സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടാലും ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യത കുറവ്. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയയ്ക്ക് ഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെടുക എന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ പരമ്പര സമനിലയിലാകുകയും ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും. 

എന്നാല്‍ സൗത്ത് ആഫ്രിക്ക നല്‍കിയ പരാതിയാണ് ഓസീസിന് വിലങ്ങുതടിയാകുന്നത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയ്ക്ക് സൗത്ത് ആഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റ് പരമ്പര കളിക്കേണ്ടതായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ കോവിഡ് പരക്കുന്നതിന്റെ ഭാഗമായി ടീം പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. 

ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സി മുന്‍പാകെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പരമ്പരയില്‍ നിന്നും ഓസീസ് പിന്മാറിയതിനെത്തുടര്‍ന്ന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും അതിന് നഷ്ടപരിഹാരം ലഭിക്കണമെന്നും സൗത്ത് ആഫ്രിക്ക പറയുന്നു. മാത്രമല്ല ഓസീസിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് കുറയ്ക്കണമെന്നും സൗത്ത് ആഫ്രിക്ക ആവശ്യപ്പെടുന്നുണ്ട്. 

സിഡ്‌നി മോണിങ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐ.സി.സി സൗത്ത് ആഫ്രിക്കയുടെ പരാതി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഓസിസിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട പോയന്റുകളും നഷ്ടപ്പെടും.

ഇങ്ങനെ വന്നാല്‍ അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍പ്പോലും ഇന്ത്യ ഫൈനലിന് യോഗ്യത നേടും. ഓസിസ് പുറത്താവുകയും ചെയ്യും. നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Content Highlights: Australia may be out of WTC final race after South Africa's complaint