ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വില്ലനായി മഴ. മത്സരത്തിന്റെ അവസാന രണ്ട് സെഷനുകള്‍ മഴമൂലം ഉപേക്ഷിച്ചു. രണ്ടാം ദിനം ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 62 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്.

നാളെ രാവിലെ അരമണിക്കൂര്‍ നേരത്തേ മത്സരമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എട്ടുറണ്‍സെടുത്ത് പൂജാരയും രണ്ട് റണ്‍സെടുത്ത് നായകന്‍ അജിങ്ക്യ രഹാനെയും ഇന്ത്യയ്ക്ക വേണ്ടി പുറത്താവാതെ നില്‍ക്കുന്നു.

369 റൺസ് എന്ന ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോർ ലക്ഷ്യമിട്ട് രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് ഏഴാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ നിന്ന് ഏഴ് റൺസെടുത്ത ഓപ്പണർ ശുഭ്മൻ ഗില്ലാണ് മടങ്ങിയത്. കമ്മിൻസിന്റെ പന്തിൽ സ്മിത്ത് പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോൾ പതിനൊന്ന് റണ്ണായിരുന്നു ഇന്ത്യയുടെ സ്കോർ.

എന്നാൽ പിന്നീട് ക്രീസിലെത്തിയ ചേതേശ്വർ പൂജാരയെ കൂട്ടുപിടിച്ച് രോഹിത് ശർമ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റി. ഇരുവരും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ മികച്ച രീതിയില്‍ ബാറ്റുചെയ്യുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായി. 44 റണ്‍സെടുത്ത രോഹിത്തിനെ നഥാന്‍ ലിയോണ്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയ്യിലെത്തിച്ചു. രോഹിത് പുറത്താവുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റെയും അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ടിം പെയ്‌നിന്റെയും ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ ഒന്നാമിന്നിങ്സിൽ 369 റൺസടിച്ചത്.

ഇന്ത്യയ്ക്കായി ടി.നടരാജനും ശാര്‍ദുല്‍ ഠാക്കൂറും വാഷിങ്ടണ്‍ സുന്ദറും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി. ഇന്നലെ മത്സരത്തിനിടെ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സൈനി ഇന്ന് പന്തെറിഞ്ഞില്ല. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ടിം പെയ്‌നും കാമറൂണ്‍ ഗ്രീനും ചേര്‍ന്നാണ് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. പെയ്ന്‍ 50 റണ്‍സും ഗ്രീന്‍ 47 റണ്‍സുമെടുത്ത് പുറത്തായി. ഗ്രീനിന്റെ വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ വീഴ്ത്തിയപ്പോള്‍ പെയ്‌നിനെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സിനെ പെട്ടന്നു തന്നെ ശാര്‍ദുല്‍ പുറത്താക്കിയെങ്കിലും അതിനുശേഷം ഒത്തുച്ചേര്‍ന്ന സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്ന് സ്‌കോര്‍ 350 കടത്തി. 24 റണ്‍സെടുത്ത ലിയോണിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ഓസിസിന് 9 വിക്കറ്റ് നഷ്ടമായി. പിന്നാലെ ഹെയ്സൽവുഡിനെ മടക്കി നടരാജൻ ഓസിസിനെ ഓൾ ഔട്ടാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് 17 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടപ്പെട്ടു. ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ സിറാജും അഞ്ചു റണ്ണെടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദുല്‍ താക്കൂര്‍ മടക്കിയത്. ആദ്യ ഓവറിന്റെ അവസാന പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മ പിടികൂടുകയായിരുന്നു. 23 പന്തില്‍ നിന്ന് അഞ്ചു റണ്ണെടുത്ത ഹാരിസിനെ ഒന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് ക്യാച്ചെടുത്തത്.

എന്നാല്‍, ഒന്‍പതാം ഓവര്‍ മുതല്‍ കൂട്ടുചേര്‍ന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷെയ്‌നും മൂന്നാം ടെസ്റ്റിന്റെ മാതൃകയില്‍ ഓസിസിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

എന്നാല്‍ സ്‌കോര്‍ 87-ല്‍ നില്‍ക്കെ 36 റണ്‍സെടുത്ത സ്മിത്തിനെ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ഇതോടെ ഓസിസ് വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ മറുവശത്ത് നന്നായി ബാറ്റ് ചെയ്ത ലബുഷെയ്ന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

സ്മിത്തിനുശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒരു ഘട്ടത്തില്‍ 87ന് മൂന്ന് എന്ന നിലയില്‍ നിന്നുമാണ് വെയ്ഡും ലബുഷെയ്‌നും ചേര്‍ന്ന് ഓസിസിനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. ലബുഷെയ്‌നിനെ പുറത്താക്കാനുള്ള അവസരം നേരത്തേ ലഭിച്ചിരുന്നെങ്കിലും നായകന്‍ അജിങ്ക്യ രഹാനെ ക്യാച്ച് കൈവിട്ടതോടെ താരത്തിന് വീണ്ടും ജീവന്‍ ലഭിച്ചു. ആ ക്യാച്ചിന് വലിയ വിലയാണ് ഇന്ത്യ നല്‍കിയത്. പിന്നാലെ ലബുഷെയ്ന്‍ സെഞ്ചുറിയും നേടി. താരത്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പിറന്നത്. 195 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഒന്‍പത് ബൗണ്ടറികള്‍ ലബുഷെയ്‌നിന്റെ ബാറ്റില്‍ നിന്നും പിറന്നു.

എന്നാല്‍ ലബുഷെയ്ന്‍ സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്ത് നടരാജന്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി. പന്ത് ഉയര്‍ത്തിയടിക്കാനുള്ള വെയ്ഡിന്റെ ശ്രമം പാളി. പന്ത് ഉയര്‍ന്നുപൊങ്ങി നേരെ ശാര്‍ദുല്‍ ഠാക്കൂറിന്റെ കൈകളിലെത്തി. നടരാജന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. ഇതോടെ ഓസിസ് 200 ന് നാല് എന്ന നിലയിലെത്തി.

തൊട്ടുപിന്നാലെ തകര്‍പ്പന്‍ കളി പുറത്തെടുത്ത ലബുഷെയ്‌നിനെ മടക്കി നടരാജന്‍ ഓസിസിന് ഇരട്ട പ്രഹരം സ്മാനിച്ചു. ലബുഷെയ്‌നും വെയ്ഡിനെപ്പോലെ ആക്രമിച്ച് കളിക്കാന്‍ നോക്കിയപ്പോഴാണ് പുറത്തായത്. ബാറ്റിന്റെ മുകള്‍ഭാഗത്ത് കൊണ്ട പന്ത് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് അത് അനായാസം കൈപ്പിടിയിലൊതുക്കി. 204 പന്തുകളില്‍ നിന്നും 108 റണ്‍സെടുത്ത താരം പുറത്തായതോടെ ഓസിസ് വീണ്ടും പ്രതിരോധത്തിലായി. 

എന്നാല്‍ പിന്നാലെ ഒത്തുചേര്‍ന്ന നായകന്‍ ടിം പെയ്‌നും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഓസിസ് സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചു. 

തത്സമയ വിവരണം താഴെ വായിക്കാം

Content Highlights: Australia India Fourth  Test Brisbana Natarajan Washington Sundar Rahane Smith Paine