ലണ്ടന്‍: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് 69 റണ്‍സ് ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 294 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 225 റണ്‍സിന് എല്ലാവരും പുറത്തായി. 145 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. 

ലബൂഷെയ്‌നുമായും മിച്ചല്‍ മാര്‍ഷുമായും സ്റ്റീവ് സ്മിത്ത് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഓസീസിന്റെ സ്‌കോര്‍ 200 കടത്തിയത്. 14 റണ്‍സിനിടയില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ മൂന്നാം വിക്കറ്റില്‍ ലബൂഷെയ്‌നും സ്മിത്തും കര കയറ്റുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 84 പന്തില്‍ 48 റണ്‍സ് നേടിയ ലബൂഷെയ്‌നെ പുറത്താക്കി ആര്‍ച്ചറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

പിന്നീട് അഞ്ചാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷുമായി സ്മിത്ത് 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 44 പന്തില്‍ 17 റണ്‍സെടുത്ത മാര്‍ഷും ആര്‍ച്ചര്‍ക്ക് മുന്നില്‍ വീണു. നഥാന്‍ ലിയോണ്‍ 30 പന്തില്‍ 25 റണ്‍സെടുത്തു. ജോഫ്രെ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി 23.5 ഓവറില്‍ 62 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. സാം കറന്‍ മൂന്നു വിക്കറ്റുമായി ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കി. ക്രിസ് വോക്‌സ് ഒരു വിക്കറ്റെടുത്തു. 

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിലെ ചെറുത്തുനില്‍പ്പ് 294 റണ്‍സില്‍ അവസാനിച്ചിരുന്നു. എട്ടിന് 271 റണ്‍സ് എന്ന തലേദിവസത്തെ സ്‌കോറില്‍ രണ്ടാം ദിനം കളിയാരംഭിച്ച ആതിഥേയര്‍ക്ക് അഞ്ച് ഓവറില്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. 87.1 ഓവറില്‍ അവര്‍ ഓള്‍ഔട്ടായി.

98 പന്തില്‍ നിന്ന് എഴുപത് റണ്‍സെടുത്ത് ചെറുത്തുനില്‍ക്കുകയായിരുന്ന ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് ഇന്നിങ്സില്‍ ആദ്യം പുറത്തായത്. കമ്മിന്‍സ് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ  പന്തില്‍ ലീച്ചും മടങ്ങിയതോടെ അവരുടെ ഇന്നിങ്‌സിന് തിരശ്ശീല വീണു. 43 പന്തില്‍ നിന്ന് 21 റണ്‍സ് സംഭാവന ചെയ്ത ശേഷമാണ് ലീച്ച,് മാര്‍ഷിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങിയത്.

18.2 ഓവറില്‍ 46 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത മാര്‍ഷ് തന്നെയാണ് ഓസീസ് ബൗളിങ്ങിനെ നയിച്ചത്. കമ്മിന്‍സ് മൂന്നും ഹെസല്‍വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.

 

Content Highlights: Australia England Ashes Series Fifth Test