അഡ്‌ലെയ്ഡ്: തുടര്‍ച്ചയായ ഏഴു തോല്‍വികള്‍ക്ക് ശേഷം ഓസ്‌ട്രേലിയ വീണ്ടും വിജയവഴിയില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഏഴു റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-1ന് ദക്ഷിണാഫ്രിക്കയെ ഒപ്പം പിടിച്ചു. ഇനി മൂന്നാം ഏകദിനം ഞായറാഴ്ച്ച നടക്കും.

ഇതിന് മുമ്പ് അവസാനമായി ഓസീസ് ഏകദിനം ജയിച്ചത് അഡ്‌ലെയ്ഡിലായിരുന്നു. ആ വേദിയിലേക്കുള്ള തിരിച്ചുവരവ് വിജയത്തോടെയായത് ഓസീസിന് ഇരട്ടിമധുരമാണ്. ഓസീസ് മുന്നോട്ടുവെച്ച 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 

ഓസീസിനായി 41 റണ്‍സടിക്കുകയും ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് കളിയിലെ താരം. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഫിഞ്ച് വരുത്തിയ മാറ്റങ്ങള്‍ ഓസീസ് വിജയത്തില്‍ നിര്‍ണായകമാകുകയായിരുന്നു. 

ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഫാഫ് ഡു പ്ലെസിസ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഗീസോ റബാദയുടേയും (രണ്ട്), പ്രിട്ടോറിയസിന്റേയും (മൂന്ന്), സ്‌റ്റെയ്‌നിന്റേയും (രണ്ട്) ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഓസീസ് 231 റണ്‍സിന് പുറത്തായി. ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് കൂടാരം കയറിയത്. 72 പന്തില്‍ നാലു ബൗണ്ടറികളോടെ 47 റണ്‍സെടുത്ത അലക്‌സ് കാറേയ് ആണ് അവരുടെ ടോപ് സ്‌കോറര്‍. ക്രിസ് ലിന്‍ (44 പന്തില്‍ 44 റൺസ്), ആരോണ്‍ ഫിഞ്ച് (63 പന്തില്‍ 41 റൺസ്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 48 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ ദക്ഷിണാഫ്രിക്ക പിന്നീട് തിരിച്ചുവന്നില്ല. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 71 പന്തില്‍ 51 റണ്‍സാണ് മില്ലര്‍ നേടിയത്. 47 റണ്‍സുമായി ഫാഫ് ഡു പ്ലെസിസ് മില്ലര്‍ക്ക് പിന്തുണ നല്‍കി. 

അവസാന ഓവറില്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ എറിഞ്ഞ ആ ഓവറില്‍ സന്ദര്‍ശകര്‍ക്ക് 13 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റെടുത്ത സ്‌റ്റോയ്ന്‍സിന്റേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റേയും ജോഷ് ഹെയ്‌സല്‍വുഡിന്റേയും പ്രകടനം ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായി.

Content Highlights: Australia ends 7-match ODI losing streak with 7-run win