സിഡ്‌നി: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. അവസാന ടെസ്റ്റില്‍ പാകിസ്താനെ 220 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര തൂത്തുവാരിയത്.

465 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 244 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. പേസ് ബൗളറായ ജോഷ് ഹസെല്‍വുഡും സ്പിന്നറായ സ്റ്റീവ് ഒ കീഫെയുമാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സര്‍ഫ്രാസ് അഹമ്മദാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. 

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യൂനുസ് ഖാനും പരമ്പരയില്‍ മികച്ച ഫോമിലുള്ള അസ്ഹര്‍ അലിയും നേരത്തെ പുറത്തായത് പാകിസ്താന് തിരിച്ചടിയായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം. 

നേരത്തെ ഗാബയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 39 റണ്‍സിനും മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്‌സിനും  18 റണ്‍സിനും പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു.  

സ്‌കോര്‍: ഓസ്‌ട്രേലിയ-538/8d, 241/2d
പാകിസ്താന്‍-315,244