സിഡ്‌നി: ഫീല്‍ഡിങ്ങിനിടെ അഭിനയിച്ചാല്‍ ഇനി പണികിട്ടും. ഐ.സി.സിയുടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഓസ്‌ട്രേലിയന്‍ താരത്തിന് കിട്ടിയത് എട്ടിന്റെ പണിയാണ്.

ജെ.എല്‍.ടി കപ്പില്‍ ക്യൂന്‍സ്ലാന്‍ഡ് ബുള്‍സും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനും തമ്മിലുള്ള മത്സരത്തിനിടെ ക്യൂന്‍സ്‌ലാന്‍ഡ് താരം മാര്‍നസായിരുന്നു ഫീല്‍ഡിങ്ങിനിടെ അഭിനയിച്ചത്. എന്നാല്‍ അമ്പയര്‍ക്ക് അതത്രെ തമാശയായിരുന്നില്ല. ശിക്ഷയായി ബാറ്റു ചെയ്യുന്ന ടീമിന് അമ്പയര്‍ അഞ്ചു റണ്‍സ് അനുവദിച്ചു. 

കവറിലേക്ക് അടിച്ച പന്ത് ഡൈവ് ചെയ്ത് തടയാനായിരുന്നു മാര്‍നസിന്റ ശ്രമം. എന്നാല്‍ പന്ത് കയ്യില്‍ കിട്ടിയില്ല. പക്ഷേ പന്ത് കൈയിലുള്ളതു പോലെ അഭിനയിച്ച മാര്‍നസ് ബാറ്റ്‌സ്മാനു നേരെ എറിയുന്നതായി ആംഗ്യവും കാണിച്ചു. ഇതുകണ്ട ബാറ്റ്‌സ്മാന്‍ ക്രീസിലേക്ക് തിരിച്ചോടാനുള്ള ശ്രമത്തിലായി. 

എന്നാല്‍ മാര്‍നസിന്റെ കൈയില്‍ പന്തില്ലെന്ന് കണ്ടതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓടി സിംഗിളെടുത്തു. എന്നാല്‍ മാര്‍ക്കസിന്റെ അഭിനയം മനസ്സിലാക്കിയ അമ്പയര്‍മാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന് അഞ്ചു റണ്‍സ് അനുവദിക്കുകയായിരുന്നു. 

ക്രിക്കറ്റിലെ പുതിയ നിയമപ്രകാരം ഒരു ഫീല്‍ഡര്‍ മന:പൂര്‍വ്വം വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ബാറ്റ്‌സ്മാന്റെ ശ്രദ്ധ തിരിക്കുന്നതോ അതല്ലെങ്കില്‍ ബാറ്റ്‌സ്മാന് തടസം സൃഷ്ടിക്കുന്നതോ നീതിയുക്തമല്ലാത്ത കാര്യമായാണ് കാണുന്നത്.