നോട്ടിങ്ങാം: ട്രെൻഡ് ബ്രിഡ്ജ് ഗ്രൗണ്ടിൽ സ്വന്തം മണ്ണിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം. ഓസ്ട്രേലിയക്കെതിരേ പടുത്തുയർത്തിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ഹിമാലയൻ സ്കോറിന് മുന്നിൽ അന്തംവിട്ടുനിന്ന ഓസ്ട്രേലിയ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനിലുള്ള തോൽവിയും ഏറ്റുവാങ്ങി. 242 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ തോൽവി.

ഈ ത്രസിപ്പിക്കുന്ന ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെയർസ്റ്റോയുടെയും ഹേൽസിന്റെ കൂറ്റൻ സെഞ്ചുറികളുടെ ബലത്തിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസ് എന്ന റെക്കോഡ് സ്കോറാണ്. ഇതേ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് തന്നെ പാകിസ്താനെതിരേ നേടിയ മൂന്നിന് 444 റൺസ് എന്ന റെക്കോഡാണ് പഴങ്കഥയായത്. ഏകദിനത്തിൽ 450 റൺസ്  പിന്നിടുന്ന ഏക ടീമായിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സറെ ഗ്ലസ്റ്റർഷയറിനെതിരെ നാലു വിക്കറ്റ് നഷ്ടത്തിൽ 496 റൺസെടുത്തിരുന്നു.

ബെയർസ്റ്റോ 92 പന്തിൽ നിന്ന് 139 റൺസും ഹേൽസ് 92 പന്തിൽ നിന്ന് 147 റൺസുമാണ് നേടിയത്. ഓപ്പണർ റോയ് 82 റൺസെടുത്തു.

മറുപടിയായി ബാറ്റ് ചെയ്ത ഓസ്ട്രേലിയ 37 ഓവറിൽ ഓൾഔട്ടായി. 239 റൺസ് മാത്രമാണ് അവർക്ക് നേടായത്. ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ തോൽവിയാണത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമാണിത്.

51 റൺസെടുത്ത ടിം ഹെഡ്ഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. സ്റ്റോയിൻസ്44 റൺസെടുത്തു.

ഇത് ഓസ്ട്രേലിയയുടെ തുടർച്ചയായ അഞ്ചാം പരമ്പര പരാജയമാണിത്.

Content Highlights: Australia bowl first in must-win ODI at Trent Bridge