australia cricket teamമെല്‍ബണ്‍: സമനിലയാകുമെന്നുറപ്പിച്ച മത്സരത്തില്‍ തോല്‍വിയിലേക്ക് സ്വയം കുഴിതോണ്ടി പാകിസ്താന്‍. മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് പാകിസ്താന്‍ ഇന്നിങ്‌സിനും 18 റണ്‍സിനും പരാജയപ്പെട്ടത്. ഒന്നാമിന്നിങ്‌സില്‍ 181 റണ്‍സിന്റെ ലിഡ് വഴങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് 163 റണ്‍സിന് അവസാനിക്കുകയായിരുന്നു.

വെറും 53 ഓവര്‍ മാത്രം നീണ്ടുനിന്ന് പാകിസ്താന്റെ ഇന്നിങ്‌സില്‍ 43 റണ്‍സ് നേടിയ അസര്‍ അലിക്കും 43 റണ്‍സടിച്ച സര്‍ഫ്രാസ് അഹമ്മദിനും മാത്രമേ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായുള്ളു. അസര്‍ അലി ആദ്യ ഇന്നിങ്‌സില്‍ പാകിസ്താനായി ഇരട്ട സെഞ്ചുറി നേടിയിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്താന്റെ അന്തകനായത്. നതാന്‍ ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിലും മഴ മൂലം കുറച്ച് സമയം മാത്രമാണ് കളി നടന്നത്. മൂന്നാം ദിനം പാകിസ്താന്‍ ഒമ്പതു വിക്കറ്റിന് 443 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ മത്സം സമനിലയിലേക്കാണ് നീങ്ങുന്നതെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ നാലാം ദിവസം ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ഓസ്‌ട്രേലിയ സ്‌കോര്‍ 600 കടത്തി.

എട്ടിന് 624 എന്ന നിലയില്‍ അവസാന ദിവസം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് 181 റണ്‍സിന്റെ ലീഡ് നേടി. സെഞ്ചുറിയടിച്ച വാര്‍ണര്‍ (144), ക്യാപ്റ്റന്‍ സ്മിത്ത് (165) എന്നിവരും അര്‍ദ്ധ സെഞ്ചുറിയടിച്ച ഖ്വാജ (97), സ്റ്റാര്‍ക്ക് (84) എന്നിവരുമാണ് ഓസീസിന്റെ സ്‌കോറിങ് വേഗത്തിലാക്കിയത്. 143 പന്തിലാണ് വാര്‍ണര്‍ 144 റണ്‍സെടുത്തത്. സ്റ്റാര്‍ക്കിന്റെ 84 റണ്‍സ് 91 പന്തിലും. 

ബ്രിസ്‌ബെയ്‌നില്‍ നടന്ന ആദ്യ ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 2-0ത്തിന് സ്വന്തമാക്കി. ജനുവരി മൂന്നു മുതല്‍ സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ്.