സിഡ്നി: പാകിസ്താനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്. നാലാം ഏകദിനത്തില്‍ പാകിസ്താനെ 86 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് മുന്നിലാണ് ഓസീസ്. ഓസീസ് മുന്നോട്ടു വെച്ച 354 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 43.5 ഓവറില്‍ 267 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ (130) സെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.  ഈ സീസണിലെ വാര്‍ണറുടെ അഞ്ചാം സെഞ്ചുറിയാണിത്‌. 13 ഇന്നിങ്സുകളില്‍ നിന്നാണ് വാര്‍ണര്‍ അഞ്ചു സെഞ്ചുറി കുറിച്ചത്. ഒരു സീസണില്‍ അഞ്ചു സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഓസീസ് ബാറ്റ്സ്മാനാണ് വാര്‍ണര്‍. മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റ്സ്മാന്‍. ഗ്ലെന്‍ മാക്സ്വെല്ലും (78) ട്രെവിസ് ഹെഡും (51) സ്റ്റീവന്‍ സ്മിത്തും (49) ഓസീസ് ഇന്നിങ്സിന് കരുത്തുപകര്‍ന്നു.

പാകിസ്താനായി ഷര്‍ജീല്‍ ഖാനും (74) ഷോയീബ് മാലിക്കും (47) മുഹമ്മദ് ഹഫീസും (40) ബാറ്റിങ്ങില്‍ തിളങ്ങിയെങ്കിലും ഓസീസിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിനടുത്തെത്താന്‍ പോലും പാകിസ്താനായില്ല. ജോഷ് ഹെയ്സല്‍വുഡും ആദം സാമ്പയുടെയും ബൗളിങ്ങിന് മുന്നില്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.