വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ വിജയം. 64 റണ്‍സിനാണ് ഓസീസ് കിവീസിനെ തകര്‍ത്തത്. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ ആറിന് 208. ന്യൂസിലന്‍ഡ് 17.1 ഓവറില്‍ 144 ന് പുറത്ത്.

ടോസ് നേടി ബൗളിങ് തെരെഞ്ഞെടുക്കാനുള്ള ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ കണക്കുകൂട്ടല്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ തെറ്റിച്ചു. വെറും 31 പന്തുകളില്‍ നിന്നും 70 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ നടുവൊടിച്ചു. 44 പന്തുകളില്‍ നിന്നും 69 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും 27 പന്തുകളില്‍ നിന്നും 43 റണ്‍സെടുത്ത ജോഷ് ഫിലിപ്പും മികച്ച പ്രകടനം പുറത്തെടുത്തു. 

ന്യൂസിലന്‍ഡ് ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. ജിമ്മി നീഷാം നാലോവറില്‍ 60 റണ്‍സാണ് വഴങ്ങിയത്. നീഷാം എറിഞ്ഞ 17-ാം ഓവറില്‍ നാല് ഫോറുകളും രണ്ട് സിക്‌സുകളുമടക്കം 28 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. രണ്ട് വിക്കറ്റുവീഴ്ത്തിയ ഇഷ് സോധി മാത്രമാണ് അല്‍പമെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനെതിരേ ആഷ്ടണ്‍ ആഗര്‍ ലോകോത്തര നിലവാരമുള്ള ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നാലോവറില്‍ വെറും 30 റണ്‍സ് വഴങ്ങി താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ആഗറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസീസിനായി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യമായി ആറുവിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡും ആഗര്‍ സ്വന്തമാക്കി. മത്സരത്തിലെ താരവും ആഗറാണ്.

ന്യൂസിലന്‍ഡിനുവേണ്ടി 43 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റില്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 38 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ വിജയം ഓസീസ് സ്വന്തമാക്കി. മൂന്നുമത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ന്യൂസീലന്‍ഡ് 2-1 ന് മുന്നിലാണ്. 

Content Highlights: Australia beat New Zealand by 64 runs in third t20 match