സിഡ്നി: ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. മാര്‍നസ് ലബൂഷെയ്ന് ആദ്യമായി ഏകദിന ടീമില്‍ ഇടം നേടിയപ്പോള്‍ ഇടവേളകഴിഞ്ഞ് തിരിച്ചെത്തിയ ഗ്ലെന്‍ മാക്സ്വെല് പുറത്തായി. ഇന്ത്യക്കെതിരെ മികച്ച റെക്കോഡുള്ള മാര്‍ക്കസ് സ്റ്റോയിന്‍സും ടീമില്‍ ഇല്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനവുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് ലബൂഷെയ്ന്. ഈ പ്രകടനം തന്നെയാണ് 25-കാരന് ആദ്യമായി ഏകദിന ടീമില്‍ ഇടം നേടിക്കൊടുത്തതും. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മാക്സ്വെല് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരുന്നത്. ഏകദിന ലോകകപ്പില്‍ 22.12 ശരാശരിയില്‍ 177 റണ്‍സ് മാത്രമാണ് മാക്സ്വെല് നേടിയത്. ഇതിനാല്‍ ബിഗ് ബാശ് ലീഗില്‍ കളിച്ച് ഫോം തെളിയിച്ച ശേഷം ദേശീയ ടീമിലേക്ക് പരിഗണിക്കാമെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍.
അടുത്ത കാലത്തായി ടീമില്‍ ഇടമില്ലാതിരുന്ന ജോഷ് ഹെയ്സല്‍വുഡ്, സീന്‍ ആബട്ട്, ആഷ്ടണ്‍ ടേണര്‍, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ തിരിച്ചെത്തി. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഷോണ്‍ മാര്‍ഷ്, ഉസ്മാന് ഖ്വാജ എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായി.
ജനുവരിയിലാണ് മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത്. ജനുവരി 14-ന് മുംബൈയിലാണ് ആദ്യ മത്സരം. പിന്നീട് ജനുവരി 17-ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 19-ന് ബെംഗളൂരുവില്‍ മൂന്നാം ഏകദിനവും നടക്കും.
Content Highlights: Australia announce squad for India tour Marnus Labuschagne Glenn Maxwell
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..