സിഡ്‌നി: ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടിട്വന്റി പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ജെയിംസ് ഫോക്‌നര്‍, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടിട്വന്റിയില്‍ ജെയ്‌സണ്‍ ബെഹെറെന്‍ഡോഫ് അരങ്ങേറ്റം കുറിക്കും. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെ അഞ്ചു ഏകദിനങ്ങളും മൂന്ന് ടിട്വന്റുയുമാണ് പരമ്പരയിലുള്ളത്.

2015ലെ ലോകകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്ന ഫോക്‌നറെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഫോക്‌നര്‍ക്കുള്ള പരിചയസമ്പത്ത് കണക്കിലെടുത്ത് സെലക്ഷന്‍ കമ്മിറ്റി താരത്തെ തിരിച്ചുവിളിക്കുകയായിരുന്നു. 

പരിക്കിന്റെ പിടിയിലായിരുന്ന കോള്‍ട്ടര്‍ നെയ്ല്‍ ഒരിടവേളക്ക് ശേഷമാണ് ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ കോള്‍ട്ടര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം പരിക്കില്‍ നിന്ന് മോചിതനാവാത്ത മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്ക് വരില്ല. ടിട്വന്റി ടീമില്‍ ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഏകദിന ടീം: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍കസ് സ്റ്റോയിനസ്, മാത്യു വെയിഡ്, ജെയിംസ് ഫോക്‌നര്‍, ആഷ്ടണ്‍ അഗര്‍, ഹിള്‍ട്ടണ്‍ കാര്‍ട്‌റൈറ്റ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാട്രിക് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ആഡം സംപ

ടിട്വന്റി ടീം: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്വെല്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാട്രിക് കമ്മിന്‍സ്, ആഡം സംപ, ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, ഡാന്‍ ക്രിസ്റ്റ്യന്‍, മോയിസസ് ഹെന്റിക്വസ്, ടിം പെയിന്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍