സിഡ്നി: വേതനത്തര്‍ക്കത്തില്‍ തീരുമാനമാകാതിരുന്നതിനെത്തുടര്‍ന്ന് ഓസ്ട്രേലിയ എ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം ബഹിഷ്‌കരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയും(സി.എ.) താരസംഘടനയായ ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷനും(എ.സി.എ.) തമ്മില്‍ നടന്ന ചര്‍ച്ച ഫലംകാണാത്തതാണ് കാരണം. രണ്ടു ചതുര്‍ദിനമത്സരങ്ങളും ഇന്ത്യ എ ടീം കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയുമാണ് പര്യടനത്തിലുണ്ടായിരുന്നത്.

സി.എ.യും, എ.സി.എയും തമ്മിലുള്ള അഞ്ചുവര്‍ഷത്തെ കരാര്‍ കഴിഞ്ഞ മാസമാണ് അവസാനിച്ചത്. ഇതോടെ 230-ഓളം താരങ്ങള്‍ തൊഴില്‍രഹിതരായിരുന്നു. പുതിയ കരാറുണ്ടാക്കാത്ത പക്ഷം എ ടീം പര്യടനം ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ ധാരണയിലെത്താന്‍ രണ്ടുകൂട്ടര്‍ക്കുമായില്ല. 

വേതനത്തര്‍ക്കം പരിഹരിക്കപ്പെടാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും പര്യടനം ബഹിഷ്‌കരിക്കയാണെന്നും കളിക്കാരുടെ സംഘടന അറിയിച്ചു. കളിക്കാരുടെ മൊത്തം ക്ഷേമത്തിന് ഊന്നല്‍ കൊടുക്കുന്നതിനാലാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാരും പര്യടനം ഉപേക്ഷിച്ചതെന്ന് സംഘടനാനേതൃത്വം അറിയിച്ചു.

അതേസമയം പ്രശ്‌നം രൂക്ഷമാകുന്നത് ആഷസ് പരമ്പരയെ വരെ ബാധിക്കുമെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി