കറാച്ചി: ഈ മാസം ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ ഓസ്‌ട്രേലിയ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചൊരുക്കണമെന്ന് മുന്‍ പാകിസ്താൻ  ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍.

ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ പൊതുവേ പേസ് ബൗളര്‍മാരെ തുണയ്ക്കുന്നതാണ്. നല്ല ബൗണ്‍സും ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുമത്സരങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ എതിരാളികള്‍ക്ക് ഓസീസ് പിച്ചില്‍ വിജയം നേടാനാകുന്നു. ഈ സ്ഥിതിയ്ക്ക് മാറ്റം വരണം. കഴിഞ്ഞ തവണ ഇന്ത്യ ഓസീസിനെ ടെസ്റ്റ് സീരിസില്‍ തോല്‍പ്പിക്കാനുണ്ടായ കാരണവും അതുതന്നെയാണ്-അക്തര്‍ വ്യക്തമാക്കി.

2018-19 സീസണില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ മണ്ണില്‍ ടെസ്റ്റ് വിജയം നേടിയിരുന്നു. ഇത്തവണ തന്ത്രപരമായി ബൗള്‍ ചെയ്താല്‍ അതിനൊത്ത പിച്ചൊരുക്കിയാല്‍ ഓസിസിന് ഇന്ത്യയെ തടയാനാകുമെന്ന പ്രതീക്ഷ അക്തര്‍ പങ്കുവെച്ചു. 

ഹെയ്‌സല്‍വുഡ്, സ്റ്റാര്‍ക്ക്, കമ്മിന്‍സ് ത്രയത്തിന് ഇത്തരം പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും. ടെസ്റ്റ് മത്സരങ്ങളില്‍ ബൗളര്‍മാര്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. അതിനനുസരിച്ചുള്ള പിച്ചുകളൊരുക്കിയാല്‍ ഇന്ത്യയ്‌ക്കെതിരേ  ഓസിസിന് അധികം വിയര്‍ക്കേണ്ടി വരില്ലെന്നും താരം വ്യക്തമാക്കി.

ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് കളിക്കുക.

Content Highlights: Aussies should produce pace-friendly wickets for India, says Shoaib Akhtar