മെല്‍ബണ്‍: ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളിനെയും ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെയും അധിക്ഷേപിച്ച മുന്‍ ഓസീസ് താരവും കമന്റേറ്ററുമായ കെറി ഒക്കീഫെ മാപ്പു പറഞ്ഞു.

2017-ലെ രഞ്ജി ട്രോഫിയില്‍ കര്‍ണാടക താരമായ മായങ്ക് മുംബൈയ്ക്കെതിരേ 304 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഹോട്ടല്‍ വെയ്റ്റര്‍മാര്‍ക്കെതിരേയാകും മായങ്ക് 304 റണ്‍സ് നേടിയതെന്നായിരുന്നു ഈ ഇന്നിങ്‌സിനെ സൂചിപ്പിച്ച് ഒക്കീഫെയുടെ പരിഹാസം.

ഒക്കീഫെയുടെ പരാമര്‍ശം പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരുടെ വലിയ പ്രതിഷേധമുണ്ടായി. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. ഒക്കീഫെ ഇപ്പോഴും കോളനിവാഴ്ച്ചയുടെ കാലത്താണ് ജീവിക്കുന്നതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

ഇത്തരത്തിലുള്ള വംശീയ വിവേചനം അനുവദിക്കില്ലെന്നും ഒക്കീഫെയേയെ ഇനി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തരുതെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ആവശ്യം. ഇന്ത്യക്കാരെ ഇങ്ങനെ വേദനിപ്പിക്കുന്ന തരത്തില്‍ തരംതാണ തമാശകള്‍ ആവര്‍ത്തിക്കുന്നത് എന്തിനാണെന്നായിരുന്നു ഇ.എസ്.പി.എന്നിലെ മാധ്യമപ്രവര്‍ത്തകയായ മെലിന്ദ ഫാരെലിന്റെ ട്വീറ്റ്.

ഇതോടെ താന്‍ ആരെയും അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചതല്ലെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനമാണെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ഒകീഫെ പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മുന്‍ ഓസീസ് താരം മാര്‍ക്ക് വോയും മായങ്കിനെയും ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെയും തരംതാഴ്ത്തി സംസാരിച്ചിരുന്നു. ഇന്ത്യയില്‍ മായങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരുന്നിരിക്കാം. ഓസ്‌ട്രേലിയയിലെ 40 റണ്‍സ് ശരാശരിക്ക് തുല്യമാണതെന്നായിരുന്നു വോയുടെ വാക്കുകള്‍. ബോക്‌സിങ് ഡേ ടെസ്റ്റില്‍ മായങ്ക് 76 റണ്‍സ് നേടിയിരുന്നു.

Content Highlights: Aussie commentator apologises after insulting Mayank Agarwal on air