ടൗറംഗ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 71 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ വനിതാ ടീം നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് വനിതാ ടീം 45 ഓവറില്‍ 200 റണ്‍സിന് പുറത്തായി.

ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഓസിസ് കിവീസിനെ കീഴടക്കിയിരുന്നു. ഓസിസിനായി 87 റണ്‍സെടുത്ത റേച്ചല്‍ ഹൈനസ് മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസിസിനായി ഹൈനസിന് പുറമേ 49 റണ്‍സെടുത്ത മെഗ് ലാന്നിങ്, 44 റണ്‍സെടുത്ത അലീസ ഹീലി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസീലന്‍ഡിനായി ലെയ് കാസ്‌പെറെക് പത്തോവറില്‍ 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി 47 റണ്‍സെടുത്ത അമേലിയ കെര്‍ മാത്രമാണ് പിടിച്ചുനിന്നത്. 32 റണ്‍സെടുത്ത ബ്രൂക്ക് ഹാളിഡേയും 28 റണ്‍സ് നേടിയ ഹെയ്‌ലി ജെന്‍സണും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസിസിനായി ജെസ്സ് ജോനാസ്സെന്‍ മൂന്നു വിക്കറ്റ് വീഴത്തിയപ്പോള്‍ ജോര്‍ജിയ വാറെന്‍ഹാം രണ്ട് വിക്കറ്റ് വീഴ്ത്തി.

ഈ വിജയത്തോടെ ഓസ്‌ട്രേലിയന്‍ വനിതാ ടീം തുടര്‍ച്ചയായ 23-ാം മത്സരത്തിലും വിജയം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചതോടെ തുടര്‍ച്ചയായി 22 മത്സരങ്ങള്‍ വിജയിച്ച് ലോകറെക്കോഡ് ടീം സ്ഥാപിച്ചിരുന്നു.

Content Highlights: AUS Women beat NZ Women AUS Women won by 7 wickets