കറാച്ചി: ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ വരാനിരിക്കുന്ന ഏഷ്യാ കപ്പ് മാറ്റിവെയ്‌ക്കേണ്ടിവരുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി. 

ലോര്‍ഡ്‌സില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണില്‍ തന്നെയായിരുന്നു ഏഷ്യാ കപ്പും നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഏഷ്യാ കപ്പ് നിശ്ചയിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് 2021-ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണില്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഈ വര്‍ഷവും ഏഷ്യാ കപ്പ് നടക്കുമെന്ന് തോന്നുന്നില്ലെന്ന് എഹ്‌സാന്‍ മാനി പറഞ്ഞു. 

ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് 2023-ലേക്ക് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും പി.സി.ബി ചെയര്‍മാന്‍ പറഞ്ഞു. 

ന്യൂസീലന്‍ഡ് നേരത്തെ തന്നെ ഫൈനലില്‍ ഇടംനേടിയിരുന്നു. ഇന്ത്യയോ ഓസ്‌ട്രേലിയയോ ഫൈനല്‍ കളിക്കുക എന്നറിയാന്‍ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് പൂര്‍ത്തിയാകണം.

ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനില നേടിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ കളിക്കാം. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാന്‍ ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കും. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റതോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിരുന്നു.

Content Highlights: Asia Cup to be postponed to 2023 if India play World Test Championship final