ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 173 ന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 36.2 ഓവറില്‍ ലക്ഷ്യം മറികടക്കുയായിരുന്നു. പുറത്താകാതെ 83 റണ്‍ നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ നിഷ്പ്രയാസം ലക്ഷ്യം മറികടന്നത്. 47 പന്തില്‍ നിന്ന് 40 റണ്ണടിച്ച് മറ്റൊരു ഓപ്പണര്‍ ശിഖര്‍ ധവാനും 37 പന്തില്‍ നിന്ന് 33 അടിച്ച് ധോണിയും മികച്ച് നിന്നു. രണ്ടാമതായി ഇറങ്ങിയ അമ്പാട്ടി റായിഡു 13 റണ്ണെടുത്ത് മടങ്ങി. 50 റണ്ണിന്റെ മൂന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പുമായി രോഹിതിനൊപ്പം നിന്ന ധോണി ജയിക്കാന്‍ നാല് റണ്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മൊര്‍ത്താസയുടെ പന്തില്‍ ക്യാച്ച് നല്‍കി പുറത്തായത്. പിന്നീടെത്തിയ ദിനേശ് കാര്‍ത്തികാണ് വിജയ റണ്‍ കുറിച്ചത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരുവര്‍ഷത്തിനുശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെ ഗംഭീര ബൗളിങ് പ്രകടന മികവിലാണ് ബംഗ്ലാദേശിനെ 173ന് ചുരുട്ടിക്കെട്ടിയത്.

ജഡേജ 10 ഓവറില്‍ 29 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ 32 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നല്‍കി. 49.1 ഓവറില്‍ 173 റണ്‍സിന് എല്ലാവരും പുറത്തായി. ജസ്പ്രീത് ബുംറ 37 റണ്‍സിന് മൂന്നുവിക്കറ്റെടുത്തു. 33-ാം ഓവറില്‍ ആറുവിക്കറ്റിന് 101 റണ്‍സിലായിരുന്ന ബംഗ്ലാദേശിനെ ഇത്രയെങ്കിലും എത്തിച്ചത് മധ്യനിരയും വാലറ്റവും ചേര്‍ന്നാണ്. ഒമ്പതാമനായി ഇറങ്ങിയ മെഹിദി ഹസ്സന്‍ മിറാസ് (42) ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി.

അഞ്ചാം ഓവറില്‍ ലിട്ടണ്‍ ദാസിനെ (7) പുറത്താക്കിക്കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ കളിയിലെ ആദ്യ തിരിവുണ്ടാക്കി. തൊട്ടടുത്ത ഓവറില്‍ മറ്റൊരു ഓപ്പണര്‍ നസ്മുല്‍ ഹൊസ്സൈനെ (7) ജസ്പ്രീത് ബുംറ മടക്കി. ഇതോടെ രണ്ടുവിക്കറ്റിന് 16 എന്ന നിലയിലായ ബംഗ്ലാദേശിന് പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനുമേല്‍ ഒരിക്കലും മേധാവിത്തമുണ്ടായില്ല. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നതോടെ, ബംഗ്ലാദേശ് വലിയ സ്‌കോര്‍ നേടില്ലെന്ന് ഉറപ്പായി. ഏഴുവിക്കറ്റിന് 101 എന്ന നിലിയില്‍ തകര്‍ന്നുനില്‍ക്കെ എട്ടാം വിക്കറ്റില്‍ മഷ്റഫെ മൊര്‍ത്താസയും (26) മെഹ്ദി ഹസ്സനും (40) ചേര്‍ന്ന് നേടിയ 66 റണ്‍സാണ് ബംഗ്ലാദേശിന്റെ വലിയ കൂട്ടുകെട്ട്. 50 പന്തില്‍ രണ്ടു ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതാണ് മെഹിദി ഹസ്സന്റെ ഇന്നിങ്സ്.

കഴിഞ്ഞവര്‍ഷം ജൂലായില്‍ വിന്‍ഡീസിനെതിരേയാണ് രവീന്ദ്ര ജഡേജ അവസാനമായി ഏകദിനം കളിച്ചത്. പിന്നീട് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ സ്ഥാനമുറപ്പിക്കുകയും സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തിളങ്ങുകയും ചെയ്തതോടെ ജഡേജയ്ക്ക് അവസാന ഇലവനില്‍ ഇടമില്ലാതായി. എന്നാല്‍ ഇടവേളയ്ക്കുശേഷം ആദ്യമത്സരത്തില്‍ത്തന്നെ തിളങ്ങാന്‍ ജഡേജക്കായി. കഴിഞ്ഞദിവസം മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്കുപകരമാണ് വെള്ളിയാഴ്ച ജഡേജ ടീമിലെത്തിയത്.

സൂപ്പര്‍ ഫോറിലെ മറ്റൊരു മത്സരത്തില്‍ പാകിസ്താന്‍ അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 257 എടുത്തപ്പോള്‍ പാകിസ്താന്‍ 49.3 ഓവറില്‍ മറികടടക്കുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ ഞായാറാഴ്ച ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു.