ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് പോരാട്ടം സെഞ്ചുറി നേടിയ ലിട്ടണ്‍ ദാസില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 223 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി. 

കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ദാസ് മാത്രമാണ് ബംഗ്ലാനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 117 പന്തില്‍ 121 റണ്‍സെടുത്ത ദാസ്, ധോനിയുടെ മിന്നല്‍ സ്റ്റംപിങ്ങില്‍ പുറത്താവുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ബംഗ്ലാദേശ് തകര്‍ന്നത്. പിന്നീട് 102 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് പത്തു വിക്കറ്റുകളും നഷ്ടമായി.

ദാസിനു ശേഷം 32 റണ്‍സെടുത്ത മെഹ്ദി ഹാസനും 33 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരും മാത്രമാണ് ബംഗ്ലാനിരയില്‍ രണ്ടക്കം കടന്നത്. ദാസും പരീക്ഷണ ഓപ്പണര്‍ മെഹ്ദി ഹാസനും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ ബംഗ്ലാദേശ് മധ്യനിരയ്ക്ക് സാധിച്ചില്ല.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും കേദാര്‍ ജാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

രോഹിത്തിനെ കൂടാതെ അഫ്ഗാനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച ശിഖര്‍ ധവാന്‍, യുസ്​വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.

Content Highlights: asia cup final dubai bangladesh dismissed for 222