ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താന് വിജയത്തുടക്കം. കുഞ്ഞന്‍മാരായ ഹോങ് കോങ്ങിനെ 158 പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന് പാകിസ്താന്‍ പരാജയപ്പെടുത്തി. ഹോങ് കോങ് മുന്നോട്ടുവെച്ച 117 റണ്‍സ് വിജയലക്ഷ്യം 23.4 ഓവറില്‍ പാക് ബാറ്റിങ് നിര മറികടന്നു.

69 പന്തില്‍ അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഇമാമുല്‍ ഹഖ് പാക് വിജയം അനായാസാമാക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഫഖര്‍ സമാനുമായി ചേര്‍ന്ന് ഇമാമുല്‍ ഹഖ് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഫഖര്‍ 24 റണ്‍സിനും ബാബര്‍ അസം 33 റണ്‍സെടുത്തും പുറത്തായി. രണ്ട് വിക്കറ്റും എഹ്‌സാന്‍ ഖാനാണ്. ഒമ്പത് റണ്‍സുമായി ഷുഐബ് മാലിക്ക് പുറത്താകാതെ നിന്നു. 

നേരത്തെ പാകിസ്താന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഹോങ് കോങ്ങിന്റെ ബാറ്റിങ് 37.1 ഓവറില്‍ അവസാനിച്ചു. നാല് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 27 റണ്‍സെടുത്ത ഐസാസ് ഖാനാണ് ഹോങ് കോങ്ങിന്റെ ടോപ്പ് സ്‌കോറര്‍.

asia cup cricket
Photo Courtesy: AP

സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സെടുക്കുന്നതിനിടയില്‍ അവര്‍ക്ക് ഓപ്പണര്‍ നിസാകത് ഖാനെ നഷ്ടമായി. 44 റണ്‍സിലെത്തിയപ്പോഴേക്കും അഞ്ച് ബാറ്റ്സ്മാന്‍മാര്‍ ക്രീസ് വിട്ടിരുന്നു. സ്‌കോര്‍ 100 കടക്കില്ലെന്ന അവസ്ഥയില്‍ നിന്ന് ആറാം വിക്കറ്റില്‍ ഐസാസ് ഖാനും കിന്‍ജിത് ഷായും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 53 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അയ്സാസ് ഖാനെ ക്ലീന്‍ ബൗള്‍ഡാക്കി ഉസ്മാന്‍ ഖാന്‍ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 19 റണ്‍സെടുക്കുന്നതിനിടയില്‍ ഹോങ് കോങ്ങിന് ബാക്കിയുള്ള അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. 

7.3 ഓവര്‍ എറിഞ്ഞ് 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഉസ്മാന്‍ ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസ്സന്‍ അലിയും ഷദാബ് ഖാനും രണ്ട് വിക്കറ്റ് നേടി. ഫഹീം അഷ്റഫ് ഒരു വിക്കറ്റെടുത്തപ്പോള്‍ രണ്ട് പേര്‍ റണ്‍ഔട്ടിലൂടെ പുറത്താവുകയായിരുന്നു. 

Content Highlights: Asia Cup Cricket Pakistan bundle out Hong Kong