അബുദാബി: ഏഷ്യ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനോട് തോറ്റു പുറത്തായതിനു പിന്നാലെ പ്രതികരണവുമായി ശ്രീലങ്കന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസ്.

ഈ തോല്‍വി ടീമിനെ ഒന്നാകെ ഞെട്ടിച്ചുവെന്ന് മാത്യൂസ് പറഞ്ഞു. തോല്‍വിയില്‍ ഏറെ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഈ തോല്‍വി ടീമിനെ ഒന്നാകെ ഞെട്ടിച്ചു. ആദ്യ കളിയിലും 150-ന് അടുത്ത സ്‌കോറിലാണ് ഞങ്ങള്‍ പുറത്തായത്. അഫ്ഗാനിസ്താന് അഭിനന്ദനങ്ങള്‍, അവര്‍ ഞങ്ങളെ ശരിക്കും നിഷ്പ്രഭരാക്കിക്കളഞ്ഞു'', മാത്യൂസ് മത്സരശേഷം പറഞ്ഞു. 

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ അഫ്ഗാനോട് 91 റണ്‍സിനാണ് പരാജയപ്പെട്ടത്. പരാജയത്തിനു കാരണം ബാറ്റ്‌സ്മാന്‍മാരാണെന്നായിരുന്നു മാത്യൂസിന്റെ പ്രതികരണം. 

''നല്ല തുടക്കമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ മധ്യ ഓവറുകളില്‍ ഞങ്ങള്‍ കളി കൈവിട്ടു. ബൗളര്‍മാര്‍ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഫീല്‍ഡിങ്ങും ഏറെ മെച്ചപ്പെട്ടു. എന്നാല്‍ ബാറ്റിങ് യൂണിറ്റിന്റെ മോശം പ്രകടനം തിരിച്ചടിയായി'', മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: asia cup angelo mathews slams sri lankas performance