Photo: AP
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍. അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: പാകിസ്താന്‍ 42 ഓവറില്‍ ഏഴിന് 252. ശ്രീലങ്ക 42 ഓവറില്‍ എട്ടിന് 252. മഴകാരണം മത്സരം തുടങ്ങാന്‍ ഏറെ വൈകിയതോടെ 45 ഓവറാക്കിയിരുന്നു. പാകിസ്താന്‍ ബാറ്റിങ് തുടങ്ങിയശേഷം വീണ്ടും മഴവന്ന് അരമണിക്കൂറോളം മുടങ്ങിയതിനാല്‍ 42 ഓവറാക്കി ചുരുക്കി. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചിയിച്ചു. ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ മെന്‍ഡിസ് 87 പന്തില്‍ 91 റണ്‍സെടുത്ത് തിളങ്ങി. ചരിത് അസലങ്കയുടെ (49*) ചെറുത്തുനില്‍പ്പാണ് ടീമിന് ജയം സമ്മാനിച്ചത്.
ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് പരിക്കായതിനാല്‍ പകരമായി എത്തിയ അബ്ദുള്ള ഷഫീഖ് (52) കരിയറിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. അബ്ദുള്ളയുടെ നാലാം ഏകദിനമാണിത്. നാലാമനായ മുഹമ്മദ് റിസ്വാന്‍ 73 പന്തില്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതില്‍ ആറുഫോറും രണ്ടു സിക്‌സുമുണ്ട്. മറ്റൊരു ഓപ്പണര്‍ ഫഖര്‍ സമാന്‍ (4) അഞ്ചാം ഓവറില്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ അബ്ദുള്ളയും ബാബര്‍ അസമും (29) ചേര്‍ന്ന് 64 റണ്‍സ് ചേര്‍ത്തു. ഏഴാമനായ ഇഫ്തികര്‍ അഹമ്മദ് 40 പന്തില്‍ 47 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി മതീഷ പതിരണ മൂന്നുവിക്കറ്റും പ്രമോദ് മധുഷന്‍ രണ്ടുവിക്കറ്റും നേടി. ഇന്ത്യയ്‌ക്കെതിരേ തിളങ്ങിയ യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെ ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഓപ്പണിങ് കൂട്ടുകെട്ട് വേഗം തകര്‍ന്നെങ്കിലും മൂന്നാം വിക്കറ്റില്‍ മെന്‍ഡിസ്-സമരവിക്രമ സഖ്യം പിടിച്ചുനിന്നു. 98 പന്തില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ശ്രീലങ്കയ്ക്ക് ജയപ്രതീക്ഷ നല്‍കി. സധീര സമരവിക്രമ (48), പതും നിസ്സങ്ക (29) റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പൊഴിഞ്ഞെങ്കിലും അസലങ്കയുടെ പോരാട്ടവീര്യം ലങ്കയ്ക്ക് തുണയായി. പാക്‌സിതാനുവേണ്ടി ഇഫ്തിഖാര്‍ അഹമ്മദ് മൂന്നും ഷഹീന്‍ഷാ അഫ്രീഡി രണ്ട് വിക്കറ്റുമെടുത്തു. ഫഖര്‍ സമാന്‍ (4), മുഹമ്മദ് ഹാരിസ് (3), മുഹമ്മദ് നവാസ് (12), ഷദാബ് ഖാന്‍ (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
Content Highlights: Asia Cup 2023 Pakistan vs Sri Lanka super fours
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..