Photo: AFP
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി.
സൂപ്പര്‍ ഫോറില്‍ നേരത്തേ പാകിസ്താനെതിരേ വമ്പന്‍ ജയം നേടിയ ഇന്ത്യ, തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഒരു മത്സരം ശേഷിക്കേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 15-ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം. സൂപ്പര്‍ ഫോറിലെ ശ്രീലങ്ക - പാകിസ്താന്‍ മത്സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.
സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ജയം നേരത്തേയാക്കിയത്. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്കയ്ക്ക് 99 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പതും നിസ്സങ്ക (6), ദിമുത് കരുണരത്‌നെ (2), കുശാല്‍ മെന്‍ഡിസ് (15), സദീര സമരവിക്രമ (17), ചരിത് അസലങ്ക (22), ക്യാപ്റ്റന്‍ ദസുന്‍ ഷനക (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി തോല്‍വിയുടെ വക്കിലായിരുന്നു ലങ്ക.
പക്ഷേ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ധനഞ്ജയ ഡിസില്‍വ - ദുനിത് വെല്ലാലഗെ സഖ്യം ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക വിതച്ച് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ സഖ്യം 63 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ വിയര്‍ത്തു. എന്നാല്‍ 38-ാം ഓവറില്‍ ഡിസില്‍വയെ മടക്കി ജഡേജയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 66 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ വെല്ലാലഗെ കീഴടങ്ങാന്‍ ഒരുക്കമല്ലാതെ നിന്നു. ഇതിനിടെ മഹീഷ് തീക്ഷണ (2), കസുന്‍ രജിത (1), മതീഷ് പതിരണ (0) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം സ്വന്തമാക്കി. അപ്പോഴും 46 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 42 റണ്‍സോടെ വെല്ലാലഗെ പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 10 ഓവറില്‍ 40 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദുനിത് വെല്ലാലഗെയും 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ചരിത് അസലങ്കയും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയില്‍നില്‍ക്കെ മഴമൂലം കളിനിര്‍ത്തിവെച്ചിരുന്നു.
11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയില്‍ മികച്ച തുടക്കത്തില്‍നിന്നാണ് ഇന്ത്യ തകര്‍ന്നത്. 48 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. 12-ാം ഓവറില്‍ ഗില്ലിനെ മടക്കി വെല്ലാലഗെ ഈ കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. പിന്നാലെ മൂന്ന് റണ്‍സുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ വിരാട് കോലിയും മടങ്ങി. തുടര്‍ന്ന് രോഹിത്തും വെല്ലാലഗെയുടെ മുന്നില്‍ വീണു.
പിന്നാലെ ക്രീസില്‍ ഒന്നിച്ച ഇഷാന്‍ കിഷന്‍ - കെ.എല്‍ രാഹുല്‍ സഖ്യം നാലാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 44 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത രാഹുലിനെ മടക്കി വെല്ലാലഗെ ഈ കൂട്ടുകെട്ടും പൊളിച്ചു. താളംകണ്ടെത്താനാകാതെ വലഞ്ഞ കിഷന്‍ 61 പന്തുകള്‍ നേരിട്ട് 33 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയ്ക്കും (5) വെല്ലാലഗെയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രവീന്ദ്ര ജഡേജ (4), ജസ്പ്രീത് ബുംറ (5), കുല്‍ദീപ് യാദവ് (0) പുറത്തായ മറ്റൊരു താരം. 26 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് സ്‌കോര്‍ 200 മടത്തിയത്. മുഹമ്മദ് സിറാജ് (5*) പുറത്താകാതെ നിന്നു.
Content Highlights: Asia Cup 2023 India vs Sri Lanka Super Fours at Colombo
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..