Photo: AFP
കൊളംബോ: ശുഭ്മാന്‍ ഗില്ലിന്റെയും അക്ഷര്‍ പട്ടേലിന്റെയും പോരാട്ടത്തിന് ബംഗ്ലാദേശിന്റെ ജയത്തെ തടയാനായില്ല. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അപ്രസക്തമായ മത്സരത്തില്‍ ഇന്ത്യയെ ആറ് റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ആശ്വാസ ജയവുമായി മടങ്ങി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടായി.
സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത അക്ഷര്‍ പട്ടേലിന്റെയും ഇന്നിങ്‌സുകള്‍ക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. സൂപ്പര്‍ ഫോറില്‍ പാകിസ്താനെയും ശ്രീലങ്കയേയും പരാജയപ്പെടുത്തി ഇന്ത്യ നേരത്തേ തന്നെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ശ്രീലങ്കയെ നേരിടും.
133 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സും എട്ട് ഫോറുമടക്കം 121 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. അവസാന ഓവറുകള്‍ തകര്‍ത്തടിച്ച് പ്രതീക്ഷ സമ്മാനിച്ച അക്ഷര്‍ 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു.
ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നും തന്‍സിം ഹസന്‍, മഹെദി ഹസന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (0) നഷ്ടമായി. പിന്നാലെ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയും (5) മടങ്ങിയതോടെ ഇന്ത്യയുടെ തുടക്കം പിഴച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രദ്ധയോടെ കളിച്ച ശുഭ്മാന്‍ ഗില്‍ - കെ.എല്‍ രാഹുല്‍ സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ കൈവന്നു. എന്നാല്‍ 18-ാം ഓവറില്‍ മഹെദി ഹസന്റെ പന്തില്‍ രാഹുലിന് പിഴച്ചു. ഇന്‍ഫീല്‍ഡ് ക്ലിയര്‍ ചെയ്യാനുള്ള താരത്തിന്റെ ശ്രമം ഷമിം ഹുസൈന്റെ കൈകളില്‍ അവസാനിച്ചു. 39 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 19 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നാലെ ഇഷാന്‍ കിഷനും (5) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
എന്നാല്‍ ആറാമന്‍ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് ഗില്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 34 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യയെ 33-ാം ഓവറില്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്താക്കി. പിന്നാലെ കാര്യമായ സംഭാവനയില്ലാതെ രവീന്ദ്ര ജഡേജയും (7) മടങ്ങി. സ്‌കോര്‍ 200 കടന്നതിനു പിന്നാലെ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.
എന്നാല്‍ എട്ടാം വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ത്ത അക്ഷര്‍ - ശാര്‍ദുല്‍ താക്കൂര്‍ സഖ്യം വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ 49-ാം ഓവറില്‍ താക്കൂറിനെയും (11), അക്ഷരിനെയും പുറത്താക്കി മുസ്തഫിസുര്‍ കളി ബംഗ്ലാദേശിന് അനുകൂലമാക്കുകയായിരുന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മധ്യനിരയുടെയും വാലറ്റത്തിന്റെയും ബാറ്റിങ് മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിരുന്നു.
ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
സ്‌കോര്‍ ബോര്‍ഡില്‍ 59 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്‍സിദ് ഹസന്‍ (13), ലിറ്റണ്‍ ദാസ് (0), അനാമുള്‍ ഹഖ് (4), മെഹിദി ഹസന്‍ മിറാസ് (13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയുടെ വക്കിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷാക്കിബ് - തൗഹിദ് ഹൃദോയ് സഖ്യമാണ് തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റിയത്. ഒടുവില്‍ സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന ഷാക്കിബിനെ 34-ാം ഓവറില്‍ മടക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 80 റണ്‍സെടുത്ത ഷാക്കിബാണ് ടീമിന്റെ ടോപ് സ്‌കോറര്‍. തൊട്ടടുത്ത ഓവറില്‍ ഷമിം ഹുസൈനെ (1) മടക്കി ജഡേജ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി.
പക്ഷേ നസും അഹമ്മദിനെ കൂട്ടുപിടിച്ച് ഹൃദോയ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 81 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്താണ് ആറാമനായി ക്രീസിലെത്തിയ ഹൃദോയ് പുറത്തായത്. എട്ടാമനായി ഇറങ്ങിയ നസും അഹമ്മദും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. 45 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത താരം ഒടുവില്‍ 48-ാം ഓവറിലാണ് പുറത്തായത്. ഒമ്പതാമനായി ഇറങ്ങിയ മഹെദി ഹസനും (23 പന്തില്‍ നിന്ന് 29 റണ്‍സ്), പത്താമനായി ഇറങ്ങിയ തന്‍സിം ഹസന്‍ സാക്കിബും (8 പന്തില്‍ 14) ബംഗ്ലാദേശ് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി.
ഇന്ത്യയ്ക്കായി ശാര്‍ദുല്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലെത്തി. തിലക് വര്‍മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.
Content Highlights: Asia Cup 2023 India vs Bangladesh at Colombo
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..