Photo: AFP
കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് ജയിച്ചപ്പോള്‍ ശ്രീലങ്ക ഒന്ന് ആശ്വസിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അവിടെ മുന്‍തൂക്കമുണ്ട്. എന്നാല്‍ ലങ്കയുടെ ബാറ്റിങ്‌നിരയെ കടപുഴക്കാന്‍ മുഹമ്മദ് സിറാജിന് വേണ്ടിവന്നത് ഏതാനും പന്തുകള്‍ മാത്രം. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുത്തു.
രണ്ടാം ഓവര്‍ മെയ്ഡനാക്കിയ ശേഷമാണ് നാലാം ഓവര്‍ എറിയാന്‍ സിറാജ് എത്തിയത്. ആദ്യ പന്തില്‍ പതും നിസ്സങ്ക (2), മൂന്നാം പന്തില്‍ സദീര സമരവിക്രമ (0), നാലാം പന്തില്‍ ചരിത് അസലങ്ക (0), ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ (4) എന്നിങ്ങനെ ഓരോരുത്തരെയായി സിറാജ് ഡഗ്ഔട്ടിലേക്ക് മടക്കി. ഇതോടെ ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.
പിന്നാലെ ആറാം ഓവറില്‍ മടങ്ങിയെത്തി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (0) കുറ്റിയും തെറിപ്പിച്ച സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. 16 പന്തുകള്‍ക്കിടെ അഞ്ച് വിക്കറ്റ് തികച്ച സിറാജ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിലും സംയുക്ത പങ്കാളിയായി. 2003-ല്‍ ബംഗ്ലാദേശിനെതിരേ മുന്‍ ലങ്കന്‍ ബൗളര്‍ ചാമിന്ദ വാസും 16 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് തികച്ചിരുന്നു.
പിന്നാലെ 12-ാം ഓവറില്‍ ലങ്കയുടെ അവസാന പ്രതീക്ഷയായിരുന്ന കുശാല്‍ മെന്‍ഡിസിന്റെ (17) കുറ്റിയും തെറിപ്പിച്ച സിറാജ് ആറാം വിക്കറ്റും സ്വന്തം പേരിലാക്കി.
ഇതോടൊപ്പം ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും സിറാജ് പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് സിറാജിന്റെ ഈ നേട്ടം. കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റുകള്‍ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് സിറാജ്. അതോടൊപ്പം ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകള്‍ക്കുള്ളില്‍ 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. 847 പന്തുകളില്‍ നിന്ന് 50 ഏകദിന വിക്കറ്റുകള്‍ തികച്ച മുന്‍ ലങ്കന്‍ താരം അജാന്ത മെന്‍ഡിസിന്റെ പേരിലാണ് റെക്കോഡ്. 1002 പന്തുകളില്‍ 50 വിക്കറ്റുകള്‍ തികച്ച സിറാജ് രണ്ടാം സ്ഥാനത്തും.
Content Highlights: Asia Cup 2023 Final Mohammed Siraj equals fastest ODI five-wicket haul
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..