മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്ങ്. മായങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്താത്തത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ രോഹിത് ശര്‍മ്മയ്ക്കാണ് പുതിയ ക്യാപ്റ്റന്റെ ചുമതല നല്‍കിയിരിക്കുന്നത്.

രോഹിത് നയിക്കുന്ന പതിനാറംഗ ടീമിലെ ഏക പുതുമുഖം പേസ് ബൗളര്‍ ഖലീല്‍ അഹമ്മദാണ്. അതേസമയം ആഭ്യന്തര ക്രിക്കറ്റിലും എ ടീം മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തി മികച്ച ഫോമില്‍ കളിക്കുന്ന മായങ്ക് അഗര്‍വാള്‍ പതിനാറംഗ ടീമിലില്ല. ഇതാണ് ഹര്‍ഭജനെ ദേഷ്യം പിടിപ്പിച്ചത്.

'മായങ്ക് അഗര്‍വാള്‍ എവിടെ? ഇത്രയും റണ്‍സ് നേടിയിട്ടും അവനെ ടീം ലിസ്റ്റില്‍ കാണുന്നില്ല. എനിക്ക് തോന്നുന്നത് ഓരോരുത്തര്‍ക്കും ഓരോ നിയമങ്ങളാണെന്നാണ്', ഭാജി ട്വീറ്റ് ചെയ്തു.

അതേസമയം ഈ അടുത്ത് തന്നെ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ 10-12 മാസമായി മികച്ച ഫോമില്‍ കളിക്കുകയാണ് മായങ്ക്. അവന്‍  പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. ഈ അടുത്ത് തന്നെ ഇന്ത്യന്‍ ടീമില്‍ കളിക്കും. പ്രസാദ് വ്യക്തമാക്കി.

Content Highlights: Asia Cup 2018 Harbhajan Singh Slams Indian Selectors