ദുബായ്: 10 ദിവസത്തിനിടെ അഞ്ചു മത്സരങ്ങള്‍. അതില്‍ നാലു ജയവും ഒരു സമനിലയും. വെള്ളിയാഴ്ച ഒരു കളികൂടി ജയിക്കാന്‍ ഇന്ത്യയ്ക്കുമുന്നില്‍ തടസ്സങ്ങളൊന്നുമില്ല. ജയിച്ചാല്‍ ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്താം. ഏഴാം തവണയും ഏഷ്യയിലെ ചാമ്പ്യന്‍മാരാകാം. കിരീടപോരാട്ടത്തില്‍ ബംഗ്ലാദേശാണ് എതിരാളി. മത്സരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍.

ബുധനാഴ്ച രാത്രി നടന്ന നിര്‍ണായക മത്സരത്തില്‍ പാകിസ്താനെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലിന് യോഗ്യതനേടിയത്. മൂന്നുവിക്കറ്റിന് 12 എന്നനിലയില്‍ തകര്‍ന്നശേഷം 239 എന്ന ടോട്ടലിലെത്താനും ശേഷം പാകിസ്താനെ 202 റണ്‍സില്‍ ഒതുക്കിനിര്‍ത്താനും കഴിഞ്ഞത് അവരുടെ ടീമിന്റെ കെട്ടുറപ്പുകൊണ്ടുതന്നെ.

2015 ലോകകപ്പ് ക്വാര്‍ട്ടറിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങള്‍ക്ക് വാശിയും ആവേശവും കൂടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ കളിച്ച 34 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് 28 വിജയമുണ്ടെങ്കിലും സമീപകാലത്ത് ബംഗ്ലാ കടുവകള്‍ ടീമെന്നനിലയില്‍ കൈവരിച്ച ശക്തിയും പോരാട്ടവീര്യവും നിസ്സാരമായി കാണാനാകില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ തോല്‍വിക്കുശേഷമാണ് ഇന്ത്യ ഏഷ്യ കപ്പിന്റെ ക്രീസിലേക്കിറങ്ങിയത്. അതും വിരാട് കോലി ഇല്ലാതെ. എന്നാല്‍, തുടര്‍ച്ചയായ നാലു വിജയങ്ങള്‍, ഇന്ത്യയുടെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തി. ഇന്ത്യ പുതുനിരയെ പരീക്ഷിച്ച അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനോട് സമനിലവഴങ്ങിയെങ്കിലും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു.

മധ്യനിരയുടെ സങ്കടങ്ങള്‍

ഏകദിനത്തില്‍ മധ്യനിര ബാറ്റിങ്ങിന്റെ ഉറപ്പില്ലായ്മ ഇന്ത്യയെ ഏറെക്കാലമായി അലട്ടുന്നു. അടുത്തവര്‍ഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുമുന്നോടിയായി മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമംകൂടിയാണ് ഏഷ്യ കപ്പില്‍ നടത്തിയത്. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ സഖ്യവും വണ്‍ഡൗണായി വിരാട് കോലിയും കഴിഞ്ഞാല്‍ സ്ഥാനം ഉറപ്പിക്കാന്‍ ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു തുടങ്ങി ഒരുകൂട്ടം ബാറ്റ്സ്മാന്‍മാരുണ്ട്, ധോനിയും ഈ കൂട്ടത്തില്‍പ്പെടും. 

ഈ കൂട്ടത്തില്‍നിന്ന് സ്ഥിരതയുള്ള മധ്യനിരയെ കണ്ടെത്താനുള്ള പരീക്ഷണം പക്ഷേ, വിജയിച്ചു എന്ന് കരുതാനാകില്ല. കാരണം, ആദ്യ നാലുകളികളിലും ഇന്ത്യയുടെ ജയം ഏകപക്ഷീയമായിരുന്നു. വണ്‍ഡൗണിനപ്പുറം ബാറ്റ്സ്മാന്‍മാര്‍ക്ക് ഏറെ അവസരങ്ങള്‍ കിട്ടിയില്ല. എന്നാല്‍, അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ ഓരോ ബാറ്റ്സ്മാനും ഒരു മാച്ച് വിന്നറായി മാറാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ ആര്‍ക്കും അവസരത്തിനൊത്ത് ഉയരാനുമായില്ല. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും (60) അമ്പാട്ടി റായുഡുവും (57) ചേര്‍ന്ന് 17 ഓവറില്‍ 110 റണ്‍സെടുത്തിട്ടും ശേഷിക്കുന്ന 197 പന്തില്‍ 143 റണ്‍സെടുക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മധ്യനിരയുടെ കാര്യത്തില്‍ ഇപ്പോഴും ഉറച്ചതീരുമാനമായിട്ടില്ല.

അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ അഞ്ചു മാറ്റങ്ങളുണ്ടായിരുന്നു. എന്നാല്‍, പരീക്ഷണത്വര മാറ്റി കഴിഞ്ഞ മത്സരങ്ങളിലെ വിന്നിങ് കോമ്പിനേഷനെ ഫൈനലില്‍ തിരിച്ചുകൊണ്ടുവരും. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത ശിഖര്‍ ധവാനും (നാല് ഇന്നിങ്സ് 327 റണ്‍സ്) രോഹിതും (4 ഇന്നിങ്സ് 297) ഓപ്പണര്‍മാരായി എത്തും. ബൗളിങ്ങില്‍ ഭുവനേശ്വര്‍-ബുംറ സഖ്യവും തിരിച്ചെത്തും. പ്രധാന ബാറ്റ്സ്മാന്‍ തമീം ഇഖ്ബാലും ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസ്സനും പരിക്കുമൂലം പിന്‍മാറിയത് ബംഗ്ലാദേശിന് ക്ഷീണമാകും. വിരലിന് പരിക്കേറ്റ ഷാകിബിന് ശസ്ത്രക്രിയ വേണ്ടിവരും.

Content Highlights: Asia Cup 2018 Final India vs Bangladesh Cricket