മുംബൈ: ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. സീറ്റ് ക്രിക്കറ്റ് റേറ്റിങ് നല്‍കുന്ന പുരസ്‌കാരം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍  മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറും ആര്‍.പി.ജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയും ചേര്‍ന്ന് സമ്മാനിച്ചു

ഇന്ത്യയില്‍ നടന്ന നാല് ടെസ്റ്റ് പരമ്പരകളിൽ മികച്ച ബൗളിങ്ങാണ് അശ്വിന്‍ പുറത്തെടുത്തത്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ നടന്ന13 ടെസ്റ്റില്‍ പത്തെണ്ണത്തിലും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 99 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.

ഇന്ത്യ-ഇംഗ്ലണ്ട് അണ്ടര്‍-19 ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശുഭം ഗില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി. ചടങ്ങിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതാരം വാഷിങ്ടണ്‍ സുന്ദറിനെ അശ്വന്‍ അഭിനന്ദിച്ചു. ഐപി.എല്ലില്‍ റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റിനായി വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ''വിജയ് ഹസാരെ ട്രോഫിയില്‍ വാഷിങ്ടണ്‍ നന്നായി കളിച്ചു. അവന്‍ നന്നായി കളിക്കുന്നുണ്ടെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു. ടിട്വന്റിയില്‍ എങ്ങനെ പന്ത് എറിയണമെന്ന് അവന് നന്നായി അറിയാം'' അശ്വിന്‍ പറഞ്ഞു.