ചെന്നൈ: ഇന്ത്യന്‍ ടീമില്‍ അശ്വിന്‍ കളിച്ചിട്ട് കാലം കുറച്ചായി. ഒരു സമയത്ത് അശ്വിനും ജഡേജയുമായിരുന്നു ഇന്ത്യയുടെ സ്പിന്‍ ബൗളിങ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും വന്നതോടെ അശ്വിന്‍ പിന്നിലേക്ക് പോയി. എന്നാൽ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഈ തമിഴ്‌നാട് സ്പിന്നര്‍.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെ അശ്വിന്റെ ബൗളിങ് ആക്ഷന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയായിരുന്നു. അശ്വിന്‍ ക്യാപ്റ്റനായ ദിണ്ഡിഗല്‍ ഡ്രാഗന്‍സും ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ ബൗളിങ് ആക്ഷന്‍. ഐ.സി.സിയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ല അശ്വിന്‍ ബൗൾ ചെയ്യുന്നതെന്നും എപ്പോള്‍ വേണമെങ്കിലും എന്തും ചെയ്യാമെന്ന മനോഭാവമാണ് അശ്വിനെന്നും ആരാധകര്‍ പറയുന്നു.

ബൗളിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും അശ്വിന്‍ ബാറ്റിങ്ങിലൂടെ താരമായി. 19 പന്തില്‍ നിന്ന് 37 റണ്‍സ് അടിച്ച അശ്വിന്‍ മത്സരത്തിലെ ടോപ്പ് സ്‌കോററായതിനൊപ്പം ഏക സിക്‌സിനും ഉടമയായി. 10 റണ്‍സിനായിരുന്നു ദിണ്ഡിഗല്‍ ഡ്രാഗന്‍സിന്റെ വിജയം.

Photo Courtesy: Ashwin Strange Bowling Action TNPL Cricket