ചെന്നൈ: വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ സ്വന്തം മണ്ണിൽ തുടർച്ചയായി പത്ത് ടെസ്റ്റ് പരമ്പരകൾ വിജയിച്ച് ഇന്ത്യ റെക്കോഡിട്ടിരുന്നു. ഏതു ടീമിനെതിരേയും ആധിപത്യം സ്ഥാപിക്കുന്ന ഇന്ത്യ പക്ഷേ 2017-ൽ ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ അൽപം പതറിപ്പോയി. പുണെയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.

ഇതോടെ ബെംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായി. ആദ്യ ഇന്നിങ്സിൽ 200 റൺസ് പൂർത്തിയാക്കാൻ കഴിയാതിരുന്ന ഇന്ത്യ തോൽവിയുടെ അടുത്തെത്തി. ഇതോടെ ഓസീസ് ബാറ്റ്സ്മാൻമാർക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് സ്പിൻ ബൗളർമാരുടെ ബാധ്യതയായി. പക്ഷേ ഓസ്ട്രേലിയൻ ഓപ്പണർ മാറ്റ് റെൻഷാ ഇന്ത്യൻ ബൗളർമാരെ തളർത്തി. ഇതോടെ അവർ ഒന്നാമിന്നിങ്സ് ലീഡ് നേടി.

രണ്ടാമിന്നിങ്സിൽ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനേയും ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തി. ബൗളിങ്ങിൽ അശ്വിനും രവീന്ദ്ര ജഡേജയും കൂടി തിളങ്ങിയതോടെ ഇന്ത്യ തിരിച്ചുവന്നു. പരമ്പര 2-1ന് ഇന്ത്യ നേടി. അന്നത്തെ ആ തിരിച്ചുവരവിന്റെ ഓർമകൾ പങ്കിടുകയാണ് ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലൂടെ അശ്വിനും പൂജാരയും.

ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ മാറ്റ് റെൻഷായുടെ പ്രകോപനം സഹിക്കാതെ തന്റെ നിയന്ത്രണംവിട്ട സംഭവം അശ്വിൻ ഓർത്തെടുത്തു. 'ആദ്യ ഇന്നിങ്സ് വളരേയധികം നിർണായകമായിരുന്നു. ഓസീസ് സ്പിന്നർ നഥാൻ ലിയോൺ ആദ്യ ഇന്നിങ്സിൽ വീഴ്ത്തിയത് എട്ടു വിക്കറ്റാണ്. ഇന്ത്യൻ താരങ്ങളെ ഓരോരുത്തരെയായി ലിയോൺ തിരിച്ചയച്ചു. ഓസീസിന്റെ ബാറ്റിങ് തുടങ്ങിയപ്പോൾ അനിൽ ഭായ് കുറച്ചു നിർദേശങ്ങൾ തന്നു. നമ്മൾ ഇപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ ക്ഷമയോടെയാണ് പെരുമാറേണ്ടതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ നിന്നെ സമ്മർദ്ദത്തിലാക്കുകയല്ല എന്നായിരുന്നു അനിൽ ഭായിയുടെ മറുപടി.

അടുത്ത ദിവസം ഞാൻ വാർണറുടേയും റെൻഷായുടേയും സ്റ്റമ്പിന് മുകളിലൂടെ പന്ത് എറിയാൻ തുടങ്ങി. റെൻഷാ കൂടുതൽ പന്തുകളും പ്രതിരോധിച്ചു. ചില പന്തുകൾ അവിടേയും ഇവിടേയുമായി പോയി, ചിലത് ഷോർട് ലെഗ് ആയി, 'ഇതൊക്ക എന്ത്' എന്ന തരത്തിൽ ഒരു പരിഹാസച്ചിരി റെൻഷായുടെ മുഖത്തുണ്ടായിരുന്നു. ഇതുകണ്ട് എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. വിക്കറ്റ് ലഭിക്കാത്തതിലുള്ള സങ്കടവും എനിക്കുണ്ടായിരുന്നു. 'ഇങ്ങനെ പ്രതിരോധിച്ചു കളിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ നിങ്ങൾക്ക് അടുത്ത ഇന്നിങ്സിൽ 100 റൺസ് പോലും കണ്ടെത്താനാകില്ല.' ഞാൻ ദേഷ്യം അടക്കാനാണ് ഇങ്ങനെ പറഞ്ഞതെങ്കിലും കാര്യങ്ങൾ നമ്മൾ കണക്കുകൂട്ടിയതുപോലെ നടന്നു.' അശ്വിൻ അന്നത്തെ ഓർമകൾ പങ്കുവെയ്ക്കുന്നു.

അശ്വിൻ പറഞ്ഞതുപോലെ രണ്ടാമിന്നിങ്സിൽ ഇന്ത്യ തിരിച്ചുവന്നു. ആറു വിക്കറ്റെടുത്ത അശ്വിൻ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി. ഒടുവിൽ 2-1ന് പരമ്പര വിജയിക്കുകയും ചെയ്തു.

Content Highlights: Ashwin remembers sledging Australia opener Matt Renshaw in Bengaluru Test