മുംബൈ: യുവതാരങ്ങളായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെത്തിയതോടെ ആര്‍.അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും കാര്യം പരുങ്ങലിലാണ്. പരിചയസമ്പന്നരായ അശ്വിനും ജഡേജയ്ക്കും വിശ്രമം അനുവദിച്ചാണ് ചാഹലിനെയും കുല്‍ദീപിനെയും ഇന്ത്യന്‍ ടീമിലെടുത്തത്.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ കുല്‍ദീപിലും ചാഹലിലും വിശ്വാസമര്‍പ്പിച്ചാണ് കോലി ദക്ഷിണാഫ്രിക്കന്‍ പര്യടത്തിലും ഇരുവരേയും ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഒട്ടും പരിചയമില്ലാത്ത ഗ്രൗണ്ടിലും മികവ് പുറത്തെടുത്ത് ഇരുവരും ക്യാപ്റ്റന്റെ വിശ്വാസം കാത്തു.
അഞ്ച് ഏകദിനങ്ങളില്‍ നിന്ന് 30 വിക്കറ്റുകളാണ് കുല്‍ദീപും ചാഹലും വീഴ്ത്തിയത്. 16 വിക്കറ്റുകള്‍ കുല്‍ദീപ് നേടിയപ്പോള്‍ 14 വിക്കറ്റുകളാണ് ചാഹലിന്റെ സമ്പാദ്യം. അടുത്ത വര്‍ഷം ലോകകപ്പ് വരാനിരിക്കെ ഇരുവരും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ജഡേജയും അശ്വിനും ചിലപ്പോള്‍ ടീമിന് പുറത്താകും.
ഇക്കാര്യത്തില്‍ പ്രതികരണവുമായി ഇന്ത്യയുടെ മുന്‍ താരം അതുല്‍ വാസന്‍ രംഗത്തെത്തി. ചാഹലിനോ കുല്‍ദീപിനോ പരിക്കേറ്റാല്‍ മാത്രമേ അശ്വിനും ജഡേജയ്ക്കും ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതയുള്ളൂവെന്ന് അതുല്‍ വ്യക്തമാക്കി. യുവതാരങ്ങള്‍ക്ക് ഇനിയും ബി.സി.സി.ഐ അവസരം നല്‍കണം. മനോഹരമായാണ് അവര്‍ കളിക്കുന്നത്. ഒരു വര്‍ഷം മുമ്പുവരെ അശ്വിനും ജഡേജയും തങ്ങളുടെ സ്ഥാനത്തിന് വേണ്ടി പോരാടേണ്ടി വരില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യകരമായ ഒരു മത്സരമാണ് നടക്കുന്നത്. അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുകയേയുള്ളു. ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്പിന്‍ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്ന കോലിയും ടീം മാനേജ്‌മെന്റും അഭിനന്ദനം അര്‍ഹിക്കുന്നു. അതുല്‍ വ്യക്തമാക്കുന്നു.
നാലു ടെസ്റ്റുകളും ഒമ്പത് ഏകദിനങ്ങളുമാണ് അതുല്‍ ഇന്ത്യക്കായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററുടെ റോളില്‍ സജീവമാണ് ഈ മുന്‍ താരം.
Content Highlights: Ashwin, Jadeja out of 2019 World Cup race, feels Atul Wassan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..