മുംബൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കി ഞെട്ടിച്ച ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിന് ഇന്ത്യന്‍ ടീമിന്റെ സ്‌നേഹോപഹാരം. 

ഇന്ത്യന്‍ ടീം അംഗങ്ങള്‍ എല്ലാവരും പേരെഴുതി ഒപ്പിട്ട ഇന്ത്യന്‍ ജഴ്‌സിയാണ് ആതിഥേയര്‍ അജാസിന് സമ്മാനമായി നല്‍കിയത്. ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് അജാസിന് ജഴ്‌സി സമ്മാനിച്ചത്. അശ്വിന്റെ 99-ാം നമ്പര്‍ ജഴ്‌സിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ടത്. 

ലോക ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ്.ഇംഗ്ലണ്ടിന്റെ ജിം ലിനേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം മുന്‍പ് കരസ്ഥമാക്കിയവര്‍. മത്സരത്തില്‍ ന്യൂസീലന്‍ഡ് തോറ്റെങ്കിലും അജാസിന്റെ പ്രകടനം ലോകശ്രദ്ധയാകര്‍ഷിച്ചു. 119 റണ്‍സ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയ അജാസ് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും സ്വന്തമാക്കി. 

സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടുന്നില്ലെന്ന് അജാസ് ജഴ്‌സി സ്വീകരിക്കുന്നതിനിടയില്‍ പറഞ്ഞു.  ഇന്ത്യയില്‍ ജനിച്ച അജാസ് പിന്നീട് ന്യൂസീലന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു. ഈ പ്രകടനത്തിലൂടെ ഒരു ന്യൂസീലന്‍ഡ് ബൗളറുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം എന്ന റെക്കോഡ് അജാസ് സ്വന്തമാക്കി. 1985-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ 15 വിക്കറ്റ് വീഴ്ത്തിയ സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയാണ് അജാസിനേക്കാള്‍ മുന്നില്‍. അജാസിന്റെ അക്കൗണ്ടില്‍ 14 വിക്കറ്റുകളാണുള്ളത്.

Content Highlights: Ashwin gifts Ajaz Patel his Test jersey autographed by teammates