ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍ സ്വന്തമാക്കിയത് അപൂര്‍വമായ ഒരു റെക്കോഡ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം രണ്ടാമിന്നിങ്‌സില്‍ സെഞ്ചുറി നേടി.
ഈ സെഞ്ചുറിയോടെ അശ്വിന്‍ സ്വന്തമാക്കിയ നേട്ടം വളരെ വലുതാണ്. ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ചുറിയും ഏറ്റവുമധികം നേടുന്ന താരങ്ങളുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാമതെത്തി. മൂന്നുതവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇയാന്‍ ബോതമാണ് ഏറ്റവുമധികം തവണ അഞ്ചുവിക്കറ്റും സെഞ്ചുറിയും ഒരു ഇന്നിങ്‌സില്‍ നേടിയ താരം. അഞ്ചുതവണയാണ് ഇയാന്‍ ബോതം ഈ നേട്ടം കൈവരിച്ചത്.
മൂന്നുതവണ ഈ നേട്ടം കൈവരിച്ച് അശ്വിന്‍ ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ഗാരി സോബേഴ്‌സ്, മുഷ്താഖ് മുഹമ്മദ്, ജാക്വസ് കാലിസ്, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവര്‍ രണ്ടുതവണ ഈ നേട്ടം കൈവരിച്ചു. ഇവരെയെല്ലാം അശ്വിന്‍ ഇന്നത്തെ മത്സരത്തിലൂടെ മറികടന്നു.
ആദ്യ ഇന്നിങ്‌സില്‍ 23.5 ഓവറില്‍ വെറും 49 റണ്‍സ് മാത്രം വഴങ്ങിയ അശ്വിന്‍ അഞ്ച് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റെടുത്തു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ 106 റണ്‍സ് നേടി ടീമിനെ മികച്ച നിലയിലെത്തിക്കാനും താരത്തിന് സാധിച്ചു.
Content Highlights: Ashwin gets 5-wicket haul followed by an excellent Hundred for the 3rd time in a Test