സിഡ്‌നി: ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയിരിക്കുന്നതെന്ന് ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍.

സിഡ്‌നിയില്‍ ജനുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനു മുമ്പ് സംസാരിക്കുകയായിരുന്നു ലബുഷെയ്ന്‍.

''ഈ പരമ്പരയ്ക്ക് മുമ്പ് ഒരിക്കല്‍ പോലും ഞാന്‍ അശ്വിനെ നേരിട്ടിട്ടില്ല. അതിനാല്‍ തന്നെ ഒരു താരതമ്യത്തിന് ഞാനില്ല. എന്നാല്‍ അശ്വിന്‍ മികച്ച ബൗളറും നന്നായി ചിന്തിക്കുന്നയാളുമാണ്. അങ്ങനെയല്ലെങ്കില്‍ ഇത്തരമൊരു കരിയര്‍ സ്റ്റാറ്റസ് അദ്ദേഹത്തിന് ഉണ്ടായിരിക്കില്ലല്ലോ. അദ്ദേഹം ശരിക്കും ഒരുങ്ങി തന്നെയാണ് വന്നിരിക്കുന്നത്.'' - പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും സ്റ്റീവ് സ്മിത്തിനെയും തന്നെയും അശ്വിന്‍ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ നിരീക്ഷണം.

ഇന്ത്യന്‍ ടീം ഒരുക്കിയ കെണികളില്‍ തങ്ങള്‍ വീണുപോയെന്നും ലബുഷെയ്ന്‍ സമ്മതിച്ചു. തങ്ങള്‍ അത്തരം പുറത്താകലുകള്‍ വിശകലനം ചെയ്ത് ശക്തമായി തിരിച്ചുവരേണ്ടിയിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlights: Ashwin come really prepared says Marnus Labuschagne