ബ്രിസ്‌ബെയ്ന്‍: ഇന്ത്യന്‍ താരം ആര്‍. അശ്വിന് ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുമെന്ന് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. അതേസമയം ഈ നേട്ടത്തിലേക്കെത്താനുള്ള മികവ് ഓസീസ് താരം നഥാന്‍ ലിയോണിന് ഇല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ 800 വിക്കറ്റുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മുരളീധരന്‍.

''അശ്വിന്‍ മഹാനായ ബൗളറാണ്. അതിനാല്‍ തന്നെ 800 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. പക്ഷേ അശ്വിനല്ലാതെ മറ്റ് യുവ ബൗളര്‍മാരൊന്നും 800-ലേക്ക് എത്തുമെന്ന് തോന്നുന്നില്ല. നാഥാന്‍ ലിയോണിനും അവിടേക്ക് എത്താന്‍ മാത്രമുള്ള അത്ര മികവില്ല. അദ്ദേഹം 400 വിക്കറ്റിന് അടുത്താണ്. പക്ഷേ അവിടേക്കെത്താന്‍ (800) ലിയോണിന് ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ടതായി വരും.''  - മുരളീധരന്‍ പറഞ്ഞു.

ടെസ്റ്റില്‍ നിലവില്‍ 396 വിക്കറ്റാണ് ലിയോണിന്റെ സമ്പാദ്യം. അശ്വിന്‍ ഇതുവരെ നേടിയത് 377 വിക്കറ്റും.

Content Highlights: Ashwin can get to 800 Nathan Lyon not good enough says Muttiah Muralitharan