മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ മൊഹാലി ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പിന്നിട്ടത് കരിയറിലെ നിര്‍ണായകമായ നാഴികക്കല്ല്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ കരിയറില്‍ 150 വിക്കറ്റുകള്‍ തികച്ചു.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള ഓസീസ് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനേക്കാളും ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനേക്കാളും വേഗത്തിലാണ് അശ്വിന്‍ 150 വിക്കറ്റുകള്‍ എന്ന നേട്ടത്തിലെത്തിയിരിക്കുന്നത്. 

ടെസ്റ്റില്‍ വേഗത്തില്‍ 150 വിക്കറ്റ് തികച്ച താരങ്ങള്‍​

 • സിഡ്‌നി ബാണ്‍സ് - 24
 • വഖാര്‍ യൂനിസ് - 27
 • ക്ലാരീ ഗ്രിമ്മെറ്റ് - 28
 • ആര്‍ അശ്വിന്‍ - 29
 • ഡെയ്ല്‍ സ്‌റ്റെയ്ന്‍ - 29
 • സയിദ് അജ്മല്‍ - 29
 • ഇയാന്‍ ബോതം - 29
 • ഹ്യൂ ടെയ്ഫീല്‍ഡ് - 29 
 • ഷെയ്ന്‍ വോണ്‍ - 31
 • ഡെന്നിസ് ലില്ലി - 31
 • സ്റ്റുവര്‍ട്ട് മക്ഗില്‍ - 31

വോണ്‍ 31 ടെസ്റ്റുകളില്‍ നിന്നും മുരളീധരന്‍ 36 ടെസ്റ്റുകളില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ അശ്വിന് 150 വിക്കറ്റുകള്‍ തികയ്ക്കാന്‍ 29 ടെസ്റ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റിലെത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡും ഈ ടെസ്റ്റിലൂടെ അശ്വിന്‍ സ്വന്തമാക്കി. 34 ടെസ്റ്റുകളില്‍ 150 വിക്കറ്റ് തികച്ച പ്രസന്നയെയും അനില്‍ കുംബ്ലെയുമാണ് അശ്വിന്‍ പിന്നിലാക്കിയത്.

ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ എന്ന നേട്ടത്തില്‍ നാലാംസ്ഥാനത്താണ് അശ്വിന്‍ ഇപ്പോള്‍. സിഡ്‌നി ബാണ്‍സ് (ഇംഗ്ലണ്ട്), വഖാര്‍ യൂനിസ് (പാകിസ്താന്‍), ക്ലാരീ ഗ്രിമ്മെറ്റ് (ഓസ്‌ട്രേലിയ) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍. മറ്റ് നാല് താരങ്ങള്‍ കൂടി അശ്വിനൊപ്പം നാലാംസ്ഥാനത്തുണ്ട്.