കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അശോക് ദിന്‍ഡയ്ക്ക് പന്ത് തലയിലിടിച്ച് പരിക്കേറ്റു. ബംഗാൾ ടീമിനുവേണ്ടി തിങ്കളാഴ്ച ഒരു പരിശീലന മത്സരത്തിൽ ബൗൾ ചെയ്യുമ്പോഴായിരുന്നു അപകടം.

ഫെബ്രുവരി 22ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടി പരിശീലനം നടത്തുകയായിരുന്നു ടീം. വിവേക് സിങ്ങായിരുന്നു ബാറ്റ്‌സ്മാന്‍. ദിന്‍ഡയുടെ പന്ത് ഒരു സ്‌ട്രെയ്റ്റ് ഡ്രൈവിന് ശ്രമിക്കുകയായിരുന്നു ഇടങ്കൈ ബാറ്റ്‌സ്മാനായ വിവേക് സിങ്. മുഖത്തിനുനേരെ ഉയര്‍ന്നുവന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ ദിന്‍ഡ ഒരു ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പന്ത് നേരെ നെറ്റിയിലിടിച്ച് ദിന്‍ഡ പിച്ചില്‍ വീണു. ടീം ഫിസിയോയും സഹതാരങ്ങളും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് എഴുന്നേറ്റ് ഓവര്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉടനെ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടുകയായിരുന്നു.

ദിൻഡയെ ആശുപത്രിയില്‍ സ്‌കാനിങ്ങിനും മറ്റ് വിദഗ്ദ്ധ പരിശോധനകള്‍ക്കും വിധേനയാക്കി. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്.

ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങളും ഒന്‍പത് ട്വെന്റി20 മത്സരങ്ങളും കളിച്ച താരമാണ് ദിന്‍ഡ. ബംഗാളിനുവേണ്ടി 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2013ലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി ഒരു ഏകദിനത്തില്‍ ബൗള്‍ ചെയ്തത്.

Content Highlights: Ashok Dinda Pace Bowler Hit by Ball Bengal Team Ranji Trophy Syed Mushtaq Ali Trophy