ന്യൂഡൽഹി: രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന ക്രിക്കറ്റ് കരിയർ സ്വന്തമായുള്ള താരമാണ് ആശിഷ് നെഹ്റ. ഇതിനിടയിൽ രണ്ടു തവണ ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിക്കാൻ നെഹ്റയ്ക്ക് അവസരമുണ്ടായി. 2003-ൽ റണ്ണറപ്പ് ആയപ്പോൾ 2011-ൽ ചാമ്പ്യൻമാരായി. പരിക്കുമൂലം ഏറെ നാൾ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന് പിന്നീട് ടീമിൽ തിരിച്ചെത്തിയ നെഹ്റ കളിച്ച മത്സരങ്ങൾ കുറവാണ്. എല്ലാ ഫോർമാറ്റിലുമായി 164 മത്സരങ്ങളാണ് നെഹ്റ കളിച്ചത്. എന്നാൽ പല ക്യാപ്റ്റൻമാർക്കും കീഴിൽ കളിക്കാനുള്ള ഭാഗ്യം നെഹ്റയ്ക്കുണ്ടായിട്ടുണ്ട്.

അതുകൊണ്ടുതന്നെ നെഹ്റ എപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് 'ആരാണ് മികച്ച ക്യാപ്റ്റൻ' എന്നത്. മുൻതാരം ആകാശ് ചോപ്ര അവതാകരനായ ആകാശവാണി എന്ന പരിപാടിയിലും നെഹ്റയെത്തേടി ഈ ചോദ്യമെത്തി. എല്ലാ ക്യാപ്റ്റൻമാരും വ്യത്യസ്തമാണെന്നും ഓരോരുത്തർക്കും ഓരോ കഴിവുണ്ടെന്നും നെഹ്റ പറയുന്നു. കമന്ററിക്കിടയിലും ഒരിക്കൽ ഗാംഗുലിയാണോ ധോനിയാണോ മികച്ച ക്യാപ്റ്റൻ എന്ന് എന്നോട് ചോദിച്ചു. അവരോട് ഞാൻ പറഞ്ഞു ഇന്ത്യ 2000-ത്തിന് മുമ്പും ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കപിൽ ദേവ്, സുനിൽ ഗവാസ്കർ, വെങ്കട്ടരാഘവൻ, അജിത് വഡേക്കർ തുടങ്ങിയ ക്യാപ്റ്റൻമാർ ഇന്ത്യയെ നയിച്ചിട്ടുണ്ട്. നമ്മൾ ഇപ്പോഴത്തെ കാര്യം മാത്രമേ ആലോചിക്കുന്നുള്ളു. പഴയ കാലത്തെ കുറിച്ച് ചിന്തിക്കുന്നില്ല. മൊഹീന്ദർ അമർനാഥിനോടോ മദൻ ലാലിനോടോ മികച്ച ക്യാപ്റ്റനെ കുറിച്ച് ചോദിച്ചാൽ അവരുടെ ഉത്തരം കപിൽ ദേവെന്നോ സുനിൽ ഗവാസ്കറെന്നോ ആയിരിക്കും. ഗവാസ്കറിനോട് ചോദിക്കുകയാണെങ്കിൽ അദ്ദേഹം അജിത് വഡേക്കറുടെ പേര് പറയും. മുഹമ്മദ് അസ്ഹറുദ്ദീനും ഇന്ത്യയും ക്യാപ്റ്റനായിരുന്നു. അദ്ദേഹം മൂന്നു ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ചു.' നെഹ്റ വ്യക്തമാക്കുന്നു.

ഗാംഗുലിക്കും ധോനിക്കും കീഴിലാണ് നെഹ്റ കൂടുതൽ മത്സരങ്ങൾ കളിച്ചത്. ഇരുവരേയും കുറിച്ചും നെഹ്റ അഭിമുഖത്തിൽ സംസാരിച്ചു.

'ഓരോ താരങ്ങളിൽ നിന്നും അവരുടെ മികച്ച പ്രകടനം പുറത്തെടുപ്പിക്കാൻ ധോനിക്കും ഗാംഗുലിക്കും അറിയാം. ഒരു പുതിയ ടീം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഗാംഗുലിയുടെ വെല്ലുവിളി. എന്നാൽ ധോനിക്ക് ഗാരി കേസ്റ്റൺ എന്ന കോച്ചിന്റെ പിന്തുണയുണ്ടായിരുന്നു. ഒരു ടീം നേരത്തെതന്നെ തയ്യാറായിരുന്നു. സീനിയർ താരങ്ങളെ നയിക്കുക എന്നതായിരുന്നു ധോനിയുടെ മുന്നിലെ വെല്ലുവിളി.

ഏതെല്ലാം താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഏതെല്ലാം താരങ്ങളെ ടീമിൽ നിലനിർത്തണം എന്നതും ഗാംഗുലിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. തനിക്കുവേണ്ട താരങ്ങൾക്കായി ഏതറ്റം വരേയും ഗാംഗുലി പോകും. അവരെ ടീമിലെടുക്കാനായി സെലക്ടർമാരോടും ബിസിസിഐ പ്രസിഡന്റിനോടും വരെ അടിയുണ്ടാക്കും.

എന്നാൽ ധോനി എല്ലാം കണക്കുകൂട്ടി ചെയ്യുന്ന ക്യാപ്റ്റനാണ്. എല്ലാം ശാന്തതയോടുകൂടി മാത്രമേ കൈകാര്യം ചെയ്യൂ. ഓരോ താരങ്ങൾക്കും അവസരമൊരുക്കുക എന്നതിനായിരുന്നു ധോനി മുൻതൂക്കം നൽകിയിരുന്നത്. ഗാരി കേസ്റ്റണുമായി മികച്ച കൂട്ടുകെണ്ടാക്കാൻ ധോനിക്ക് കഴിഞ്ഞു. സച്ചിൻ, ദ്രാവിഡ്, ലക്ഷ്മൺ, സെവാഗ്, യുവരാജ്, ഹർഭജൻ എന്നിങ്ങനെ സീനിയർ താരങ്ങളുടെ ഒരു നീണ്ടനിര തന്നെ ധോനിയുടെ ടീമിലുണ്ടായിരുന്നു. 2007 ട്വന്റി-20 ലോകകപ്പിൽ സീനിയർ താരങ്ങൾ ഉൾപ്പെടുന്ന ഒരു ടീമിനെയാണ് ധോനി നയിച്ചത്. അന്ന് ആദ്യമായി ധോനി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുകയായിരുന്നു എന്നും ഓർക്കണം. സ്വന്തം മികവ് ചോരാതെ ടീമിനെ നയിച്ച ധോനിയുടെ കഴിവിനെ നമ്മൾ അഭിനന്ദിച്ചേ മതിയാകൂ.' നെഹ്റ പറയുന്നു.

Content Highlights: Ashish Nehra Sourav Ganguly MS Dhoni Cricket